
ഫേസ്‌ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടും, മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി
രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫേസ്‌ബുക്കിനു മുന്നറിയിപ്പ്. കര്‍ണാടക ഹൈക്കോടതിയാണ് കമ്ബനിക്ക് മുന്നറിയിപ്പ് നല്‍കിയത്.
സൗദി ജയിലില്‍ കഴിയുന്ന കര്‍ണാടക സ്വദേശി ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസുമായി ഫേസ്‌ബുക്ക് സഹകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കോടതി നിലപാട് കടുപ്പിച്ചത്.
ശൈലേഷിന്റെ ഭാര്യയും മംഗളൂരു ബികര്‍നകാട്ടേ സ്വദേശിയായ കവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ് വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി ഫേസ്‌ബുക്കിന് നിര്‍ദ്ദേശം നല്‍കി.
25 വര്‍ഷമായി സൗദിയിലെ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു ശൈലേഷ്. സി.എ.എ, എൻ.ആര്‍.സിയെ അനുകൂലിച്ച് 2019ല്‍ ശൈലേഷ് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെ ശൈലേഷിന്റെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടാക്കി സൗദി രാജാവിനെതിരെയും ഇസ്ലാമിനെതിരെയും അജ്ഞാതര്‍ അപകീര്‍ത്തി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.ഇതോടെ സൗദി പൊലീസ് ശൈലേഷിനെ അറസ്റ്റ് ചെയ്തതായി കവിത നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
വിഷയത്തില്‍ വിശദാംശങ്ങള്‍ നല്‍കാൻ കേസ് അന്വേഷിക്കുന്ന മംഗളുരു പൊലീസ് ഫേസ്‌ബുക്കിന് കത്തയച്ചിരുന്നു. എന്നാല്‍ ഫേസ്‌ബുക്ക് ഇതിനോട് പ്രതികരിച്ചില്ല. അന്വേഷണത്തില്‍ കാലതാമസമുണ്ടെന്ന് ആരോപിച്ച് ഹര്‍ജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭര്‍ത്താവിന്റെ മോചനം ആവശ്യപ്പെട്ട് അവര്‍ കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.