പൂജപ്പുര വേണ്ട, ആസാം ജയില്‍ മതിയെന്ന് അമീര്‍ഉള്‍ ഇസ്ലാം (എക്‌സ്‌ക്ലൂസീവ്)

തനിക്കൊരു കുഞ്ഞുണ്ട്, അതിനെ കാണാന്‍ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യം

എ.എസ്. അജയ്‌ദേവ്

കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീര്‍ഉള്‍ ഇസ്ലാമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍ മനസ്സില്ലെന്ന്. ആസ്സാമിലെ ഏതെങ്കിലും ജയിലിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ വഴി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആസ്സാം സെന്‍ട്രല്‍ ജയിലിലാണെങ്കില്‍ അത്രയും സൗകര്യമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കണണെന്നാവശ്യപ്പെട്ട് സംസ്ഥാന ജയില്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്കായിരിക്കും അമീര്‍ഉള്‍ ഇസ്ലാമിന്റെ ആവശ്യത്തില്‍ കോടതി തീര്‍പ്പ് പറയുക. തനിക്ക് ഒരു കുഞ്ഞുണ്ടെന്നും അതിനെ കാണാന്‍ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

തന്റെ കുടുംബത്തിന് കേരളത്തില്‍ വന്ന് പോകാനുള്ള ബുദ്ധിമുട്ടും, സാമ്പത്തിക പ്രശ്‌നങ്ങളുമാണ് മറ്റൊരു പ്രശ്‌നമെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതിയുടേയും സെന്‍ട്രല്‍ ജയിലിന്റെയും ഔദ്യോഗിക കാര്യങ്ങള്‍ മുറപോലെ നടക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു പറയും പോലെ. എന്നാല്‍, മലയാളികള്‍ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. അമീര്‍ ഉള്‍ ഇസ്ലാം ആരാണ്.

എന്താണ് അയാള്‍ ചെയ്ത കുറ്റം. ഒരു പെണ്‍കുട്ടിയുടെ ജീവിക്കാനുള്ള അവകാശത്തെ നിഷ്‌ക്കരുണം ഇല്ലാതാക്കിയ ക്രൂരനായ മനുഷ്യമൃഗമാണ് അമൂര്‍ഉള്‍ ഇസ്ലാം. ഇയാളെയും ജിഷയെ കൊന്നതു പോലെ തന്നെ കൊല്ലേണ്ടതാണെന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. രാജ്യത്തെ നിതിന്യായ കോടതി വിധിച്ചതും വധ ശിക്ഷയാണെന്നത് മലയാളികളുടെ മനസ്സു വായിച്ചതു പോലെ തന്നെയാണ്. ആ അമീര്‍ഉള്‍ ഇസ്ലാമിന് കുടുംബമുണ്ടെന്നും കുട്ടിയുണ്ടെന്നും കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലാണുണ്ടാകുന്നത്. ഒരു കുടുംബത്തെ പരിപാലിക്കുന്ന ഇയാള്‍ക്ക് എങ്ങനെ ഒരു പെണ്‍കുട്ടിയെ നിഷ്ഠൂരമായി കൊല്ലാന്‍ സാധിച്ചു.

കുടുംബാംഗങ്ങള്‍ക്കും കുഞ്ഞിനും തന്നെ കാണാനുള്ള അവസരം ഒരുക്കുന്നതിനാണ് ആസ്സാമിലെ ജയിലിലേക്ക് മാറ്റാനുള്ള ആവശ്യം ഉന്നയിച്ച് ഹര്‍ജി തന്നെ നല്‍കിയിരിക്കുന്നത്. കര്‍ശനമായ ഉപാധികളോടെ, പോലീസ് എസ്‌കോര്‍ട്ടില്‍ പരോള്‍ ലഭിച്ചതിനു ശേഷമാണ് ഇയാള്‍ക്ക് കുഞ്ഞുണ്ടായതെന്ന അതിശയകരമായ വാദമാണ് ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ലൈംഗീക ബന്ധത്തിനും, അതുവഴി നടത്താനാകുന്ന എല്ലാ അരോചകമായ ഹീന പ്രവൃത്തിയും ജിഷയുടെ മൃതദേഹത്തില്‍ ചെയ്ത അമീര്‍ഉള്‍ ഇസ്ലാമിനാണ് കുട്ടിയുണ്ടായിരിക്കുന്നത്. ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത സത്യം മാത്രമാണത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പെരുമ്പാവൂര്‍ ജിഷ വധക്കേസ്. 29 വയസ്സുള്ള ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടോളിപ്പടി പെരിയാര്‍വാലി കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടത്. അന്നേദിവസം രാത്രി 8.30 ഓടെ അമ്മ രാജേശ്വരിയാണ് മരിച്ച നിലയില്‍ ജിഷയെ കണ്ടെത്തിയത്. ആദ്യദിവസങ്ങളില്‍ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ ഇല്ലാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയില്‍ പതിഞ്ഞില്ല.

നവമാധ്യമങ്ങളില്‍ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകള്‍ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി. ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിക്കുകയും ചെയ്തു. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്തിമവാദം. പ്രതിക്കെതിരെ ശാസ്ത്രീയത്തെളിവുകള്‍ അണിനിരത്തിയുള്ള വാദമായിരുന്നു പ്രോസിക്യൂഷന്റേത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപ്രസ്താവിച്ചത്.

ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് ജിഷ കേസില്‍ വിധി വന്നത്. ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ഐപിസി 449, 376, 342, 301 എന്നീ വകുപ്പുകളാണ് കോടതി പ്രതിക്കെതിരെ ചുമത്തിയത്. മരണകാരണമായ ബലാത്സംഗം, കൊലപാതകം, അന്യായമായി തടഞ്ഞ് വെക്കല്‍, അതിക്രമിച്ച് കയറല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. മരണം വരെ തൂക്കിലേറ്റാന്‍ വരെ ശിക്ഷ നല്‍കാന്‍ കഴിയുന്ന വകുപ്പുകളാണ് അമീറിനെതിരേ ഉള്ളത്. അതേസമയം, അമീറുള്‍ ഇസ്ലാം പൊലീസിന്റെ ഡമ്മി പ്രതിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും ജിഷ കൊല്ലപ്പെട്ട വീട്ടിലെ അജ്ഞാത വിരലടയാളങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. നിലവിലെ തെളിവുകള്‍ പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും പരാജയപ്പെട്ടു. അമീര്‍ഉള്‍ ഇസ്ലാമിന്റെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ദൃക്‌സാക്ഷികളില്ലാത്ത ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ളാമിനെതിരേ നിര്‍ണായകമായതു പ്രധാനമായും പത്തു തെളിവുകള്‍. പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ വഴിത്തിരിവായി. സംഭവസമയം പ്രതിയുടെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ടെന്നതിനു പോലീസ് നിരത്തിയ തെളിവുകള്‍ ഇവയാണ്.

  1. ജിഷയുടെ കൈ നഖങ്ങള്‍ക്കടിയില്‍ നിന്നു കണ്ടെത്തിയ പ്രതിയുടെ തൊലിയുടെ ഡിഎന്‍എ.
  2. ചുരിദാര്‍ ടോപ്പില്‍ നിന്നു കണ്ടെത്തിയ ഉമിനീരില്‍ നിന്നു വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
  3. ജിഷയുടെ ചുരിദാര്‍ സ്ലീവിലെ രക്തക്കറയില്‍ നിന്നു വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
  4. ജിഷയുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തു പുറത്തേക്കുള്ള ഡോര്‍ ഫ്രെയിമില്‍ നിന്നു കണ്ടെടുത്ത രക്തക്കറയില്‍ നിന്നു വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
  5. പ്രതിയെ പരിശോധിച്ച സമയം തന്റെ വലതു കൈ വിരലില്‍ സംഭവിച്ച മുറിവ് പെണ്‍കുട്ടിയുടെ വായ് പൊത്തി പിടിച്ചപ്പോള്‍ യുവതി കടിച്ചതില്‍ സംഭവിച്ചതാണെന്നു ഡോക്ടറോട് പറഞ്ഞ പ്രതിയുടെ മൊഴി.
  6. കൃത്യത്തിന് ഉപയോഗിച്ച പ്രതിയുടെ കത്തിയിലെ രക്തക്കറയില്‍നിന്നു വേര്‍തിരിച്ചെടുത്ത ജിഷയുടെ ഡിഎന്‍എ.
  7. പ്രതിയുടെ ചെരിപ്പില്‍നിന്നു കണ്ടെടുത്ത ജിഷയുടെ ഡിഎന്‍എ.
  8. പ്രതിയുടെ ചെരിപ്പില്‍ കണ്ടെത്തിയ മണലിനു ജിഷയുടെ വീടിന്റെ പുറകുവശത്തുള്ള മണലിനോടുള്ള സാദൃശ്യം.
  9. കൃത്യത്തിനുശേഷം പ്രതി ജിഷയുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വട്ടമരത്തില്‍ പിടിച്ചു കടക്കുന്നതു കണ്ടതായ അയല്‍വാസി ശ്രീലേഖയുടെ മൊഴിയും തുടര്‍ന്നു ശ്രീലേഖ ടെസ്റ്റ് ഐഡന്റിഫിക്കേഷന്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞതും.
  10. ജിഷയുടെ വീടിന്റെ പിന്‍ഭാഗത്തുനിന്നു കണ്ടെടുത്ത ബീഡിയും സിഗരറ്റ് ലാമ്പും പ്രതിയുടേതാണെന്നുള്ള സാക്ഷിമൊഴികള്‍.

കേസിന്റെ നാള്‍വഴി

ഏപ്രില്‍ 28
പെരുമ്പാവൂര്‍ കുറുപ്പംടി ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുന്നു.

ഏപ്രില്‍ 30
ജിഷയുടെ വീടിനു സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പ്് വെട്ടിതെളിക്കുന്നതിനിടെ പ്രതി കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുന്നു.

മേയ് 3
ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു പോലീസ് വെളിപ്പെടുത്തുന്നു. സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുന്നു.

മേയ് 4
അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ എത്തുന്നു. പ്രതിയെന്നു കരുതുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

മേയ് 5
ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളേറ്റതായും റിപ്പോര്‍ട്ടില്‍. അന്വേഷണച്ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോനെ ഏല്‍പ്പിക്കുന്നു.

മേയ് 7
അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതിയും അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് പോലീസ് കംപ്ലയിന്റ് അഥോറിട്ടിയും

മേയ് 9
പ്രതിയെന്നു സംശയിക്കുന്ന ആളുടെ പുതിയ രേഖാ ചിത്രം പുറത്തു വിടുന്നു

മേയ് 12
ജിഷയുടെ ശരീരത്തില്‍ കടിയേറ്റ പാടുകളുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ളയാളാണ് പ്രതിയെന്നു സൂചന

മേയ് 15
പ്രതിയുടേതെന്ന് സംശയിക്കുന്ന ഡിഎന്‍എ സാമ്പിള്‍ കണ്ടെത്തുന്ന ജിഷയുടെ ചുരിദാറില്‍ പറ്റിയിരുന്ന ഉമിനീരില്‍ നിന്നാണു ഡിഎന്‍എ സാമ്പിള്‍ ലഭിക്കുന്നത്.

മേയ് 25
പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ ജിഷ വധക്കേസ് അന്വേഷണച്ചുമതല ദക്ഷിണ മേഖലാ എഡിജിപി ബി. സന്ധ്യക്ക്.

ജൂണ്‍ 3
പുതിയ അന്വേഷണ സംഘം കൊലയാളിയുടേതെന്നു പറയപ്പെടുന്ന പുതിയ രേഖാചിത്രം തയാറാക്കി.

ജൂണ്‍ 5
പുതിയ ഡിജിപിയായി ചുമതലയേറ്റ ലോക്‌നാഥ് ബെഹ്‌റ പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദര്‍ശിച്ചു.

ജൂണ്‍ 6
ജിഷയുടെ ഫോണിലെ കോള്‍ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു.

ജൂണ്‍ 7
പൊതുജനങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്പാവൂര്‍ ടൗണില്‍ പോലീസ് മൂന്ന് ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ചു

ജൂണ്‍ 10
വീടിനടുത്തുള്ള വളക്കടയിലെ സിസിടിവി കാമറയില്‍നിന്നു കൊലയാളിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ കിട്ടി. മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ജൂണ്‍ 15
പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പ് കുറുപ്പം പടിയിലെ ഒരു കടയില്‍നിന്നു വാങ്ങിയതാണെന്നു പോലീസ് കണ്ടെത്തി. കടയുടമയെ പോലീസ് ചോദ്യം ചെയ്തു.

ജൂണ്‍ 16
ജിഷയുടെ കൊലയാളി അസാം സ്വദേശി അമീറുള്‍ ഇസ്‌ലാം (24) തഞ്ചാവൂരില്‍ പോലീസ് പിടിയില്‍. ഡിഎന്‍എ പരിശോധനയിലും ഇയാള്‍ പ്രതിയാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു.

സെപ്റ്റംബര്‍ 17
അന്വേഷണ സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2017 മാര്‍ച്ച് 13
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു.

ഡിസംബര്‍ 6
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദങ്ങള്‍ പൂര്‍ത്തിയായി.

ഡിസംബര്‍ 12
അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്നു കോടതി വിധിക്കുന്നു.

ഡിസംബര്‍ 14
കുറ്റകൃത്യം നടന്ന് 19 മാസം പിന്നിട്ടപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നത് പ്രത്യേക സെല്ലുകളിലാണ്. മറ്റു തടവുകാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമുണ്ടാകില്ല. ഏകാന്തവാസത്തിന്റെ എല്ലാ പീഠനങ്ങളിലൂടെയും കുറ്റവാളികള്‍ കടന്നു പോകും. പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നു മാത്രമല്ല, ആരോടും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമായിരിക്കും. സന്ദര്‍ശകരെ ചില പ്രത്യേക അവസരങ്ങളില്‍ മാത്രമേ തടവുകാരെ കാണിക്കുകയുള്ളൂ. വക്കിലും, കുടുംബത്തില്‍ ഉള്ളവരെയും മാത്രം. അതും രക്തബന്ധമുള്ളവരെ മാത്രം.

Leave a Reply

Your email address will not be published.

Previous post വിലക്കയറ്റം രൂക്ഷം: കെ. സുരേന്ദ്രൻ
Next post തെരുവ് നായ ആക്രമണം രൂക്ഷമാവുന്നു; ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെയും, ഒരു ആട്ടിൻകുട്ടിയെയും കടിച്ചുകീറി