
അമേരിക്കയില്‍ മുഖ്യന്‍ മുത്താണ്: കേരളത്തിലെത്തിയാല്‍ വിധം മാറും
കേരളത്തില്‍ വന്നാല്‍ ജനങ്ങളെ കാണുന്നതുപോലും ചതുര്‍ത്ഥി, ആട്ടിപ്പായിക്കും, കടക്കു പുറത്താക്കും, പരനാറിയാക്കും
നാല്‍പ്പത്തി രണ്ട് വാഹനങ്ങളുടെ അകമ്പടിയില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്ല. ചീറിപ്പായുന്ന പൈലറ്റ് വാഹനങ്ങളില്ല.
ആംബുലന്‍സില്ല. ഫയര്‍ ഫോഴ്‌സിന്റെ വാഹനമില്ല. സിഗ്‌നലുകള്‍ ഓഫാക്കിയില്ല. ജനങ്ങളെ വഴിയില്‍ തടഞ്ഞില്ല. ഭീകരാന്തരീക്ഷമുണ്ടായില്ല. ജനങ്ങള്‍ ഭയപ്പെട്ടില്ല.
പക്ഷെ, അങ്ങുദൂരെ, അമേരിക്കയില്‍ പുറത്ത് നിര്‍ത്തിയ വാഹനത്തില്‍ നിന്നും ഇറങ്ങി. ജനങ്ങളുടെ ഇടയിലൂടെ,. അവരെ തൊട്ടുരുമ്മി,. കുശലം പറഞ്ഞ്. പതുക്കെ നടന്ന് മുന്‍നിരയിലെ സീറ്റില്‍ ജനങ്ങളോടൊപ്പം ഇരുന്നു. ജനങ്ങള്‍ ചുറ്റും കൂടി നിന്നു.
മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നു. ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കുന്നു. കാണാനായി പൊതിഞ്ഞു നില്‍ക്കുന്നു. കരഘോഷം മുഴക്കുന്നു. ആര്‍പ്പ് വിളിക്കുന്നു. സന്തോഷ സൂചകമായി മുദ്രാവാക്യം മുഴക്കുന്നു.

ഒട്ടും അക്ഷോഭ്യനാകാതെ. ഒട്ടും നീരസം പ്രകടിപ്പിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെല്ലാം നിന്നു കൊടുക്കുന്നു. ആസ്വദിക്കുന്നു. ശേഷം സ്പീക്കര്‍ ഷംസീറും പിണറായി വിജയനും ഒരുമിച്ച് വേദിയിലേക്ക് കയറുന്നു. സ്പീക്കര്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കറുടെ തൊട്ടു പുറകില്‍ വളരെ അച്ചടക്കത്തോടെയും വിനയത്തോടെയും ശാന്തനുമായി മുന്നോട്ട് കൈകെട്ടി പിണറായി വിജയന്‍ നില്‍ക്കുന്നു. സ്റ്റേജില്‍ ആര്‍ക്കും ഇരിക്കാനായി ഒരു ചെയര്‍ പോലും ഉണ്ടായിരുന്നില്ല എന്നും ശ്രദ്ധിക്കുക. അഞ്ചു മിനിറ്റ് നേരം അങ്ങനെ നിന്ന ശേഷം സംഘാടകര്‍ ആരോ കൊടുത്ത കസേരയില്‍ അദ്ദേഹം വളരെ ശാന്തനായി ഇരിക്കുന്നു. ആ ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
തുടര്‍ന്ന് സ്പീക്കറുടെ പ്രസംഗത്തിനു ശേഷം അദ്ദേഹം പ്രസംഗിക്കാന്‍ ആയി എഴുനേല്‍ക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. കോഡ്‌ലെസ് മൈക്ക് കൊണ്ടു തരുന്ന ആളോട് വേണ്ടായെന്ന് സ്‌നേഹവാത്സല്യത്തോടെ കൈകൊണ്ട് ആംഗ്യം കാട്ടി നിരസിക്കുന്നു. എത്ര മനോഹരവും ഹൃദ്യവുമായ കാഴ്ചകളാണത്. നമ്മുടെ മുഖ്യമന്ത്രി എത്ര മനോഹരമായ സ്വഭാവത്തിനുടമയും കേരളത്തിന്റെ മനസ്സ് അണേരിക്കയില്‍ ടൈംസ്‌ക്വയറില്‍ പ്രകടിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ കോംമ്രേഡ്. ലാല്‍സലാം.

പക്ഷേ,
ഇതില്‍ നിന്നും നേരെ വിപരീതമായി അങ്ങയെ തിരഞ്ഞെടുത്ത, അങ്ങ് ഭരിക്കുന്ന, അങ്ങയുടെ നാട്ടില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍, കേരളത്തിലെ ജനങ്ങളോട് അങ്ങ് എന്താണ് കാണിക്കുന്നത്. തെരുവു നായ്ക്കളെ ആട്ടുന്നതു പോലെയാണ് അങ്ങ് വെളിയില്‍ ഇറങ്ങിയാല്‍ ഞങ്ങളെ ആട്ടുന്നത്. അങ്ങ് വെളിയില്‍ ഇറങ്ങുമ്പോള്‍ നരകതുല്യമാണ് ആ സമയത്ത് റോഡിലൂടെ സഞ്ചരിക്കുന്ന സാധാരണ മനുഷ്യരുടെ അവസ്ഥ. അങ്ങ് പ്രസംഗിക്കുന്ന വേദികളില്‍ ബാരിക്കേഡ് കെട്ടി നൂറടി അകലത്തില്‍ നില്‍ക്കണം പിച്ചക്കാരായ ഞങ്ങള്‍. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ് ഞങ്ങള്‍. ഞങ്ങളെ മുട്ടി ഉരുമി ഞങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കാന്‍ അങ്ങേയ്ക്ക് അറപ്പുള്ളതുപോലെയാണ് അങ്ങയുടെ പെരുമാറ്റം. ഞങ്ങളെ പേടിക്കുന്നത് പോലെയാണ് അങ്ങയുടെ യാത്ര.

പുച്ഛവും ധാര്‍ഷ്ട്യവും അഹങ്കാരവും ആണ് അങ്ങേക്ക് ഞങ്ങളോടുള്ള ഭാവം. കടക്കു പുറത്ത്, പരനാറി, എടോ ഗോപാലകൃഷ്ണാ, നികൃഷ്ട ജീവി, ബോഡി വേസ്റ്റ്, മാറി നില്‍ക്ക് അങ്ങനെ മലയാളം ഡിക്ഷണറിയില്‍ പോലും ഇല്ലാത്ത എത്ര പദങ്ങള്‍ കൊണ്ടാണ് പാവം മനുഷ്യരെ അങ്ങ് ആക്ഷേപിച്ചിരിക്കുന്നത്. അമേരിക്കക്കാര്‍, പ്രിവില്ലേജ് ഉള്ള ഹൈക്ലാസ് ആളുകളും, ഞങ്ങള്‍ വെറും ലോ ക്ലാസ് ആളുകളുമാണ് അങ്ങേയ്ക്ക്. കേരളത്തിലെ പിച്ചക്കാരായ ഓരോ മനുഷ്യന്റെയും വോട്ടും, പണവും, പിന്തുണയും, അവര്‍ തന്ന മുഖ്യമന്ത്രി എന്ന സ്ഥാനവുമാണ് ആണ്, ടൈം സ്‌ക്വയറില്‍ സൂട്ടും കോട്ടും ഇട്ട് അവിടുത്തെ ജനങ്ങളുടെ ആരാധനയും ബഹുമാനവും സ്‌നേഹവും ഏറ്റുവാങ്ങിക്കൊണ്ട് പിണറായി വിജയന്‍ എന്നപേരില്‍ അവിടെ ഇരിക്കാന്‍ അങ്ങയെ പ്രാപ്തനാക്കിയത്. അതില്ലെങ്കില്‍ അങ്ങ് വെറും വിജയന്‍ മാത്രമാണ്. കേരളത്തിലെ ചേറില്‍ പണിയെടുക്കുന്നവനാണ് അങ്ങയെ പിണറായി വിജയനായി നിലനിര്‍ത്തുന്നത്. അമേരിക്കക്കാരനല്ല.

ഒന്നുകൂടിയുണ്ട് സര്‍,
അങ്ങ് നമ്മുടെ മുഖ്യമന്ത്രിയാണ്. അങ്ങയേയും അങ്ങയുടെ മന്ത്രിസഭേയും ആരും ആക്ഷേപിക്കാന്‍ തുനിഞ്ഞിറങ്ങാറില്ല. എന്നാല്‍, അഭിപ്രായവും, ചോദ്യങ്ങളും എന്നും ചോദിച്ചുകൊണ്ടേയിരിക്കും. കാരണം, അങ്ങ് ഞങ്ങളുടെ മുഖ്യമന്ത്രിയായതു കൊണ്ട് മാത്രം. ജനാധിപത്യ സംവിധാനത്തില്‍, അധികാരത്തില്‍ ആരാണോ ഇരിക്കുന്നത്, അവരും ജനങ്ങളുമാണ് സംവദിക്കുന്നത്. സര്‍ക്കാരിനെ നേര്‍വഴി നടത്താനും, സര്‍ക്കാരിന്റെ ചെയ്തികള്‍ തെറ്റാണെങ്കില്‍ തിരുത്താനും പ്രതിപക്ഷം ശ്രമിക്കുകയും ചെയ്യും. ഇതൊരു ജനാധിപത്യ രാജ്യമാണ്. അല്ലാതെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിലല്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോഴും, സ്വഭാവ വൈകൃതങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമ്പോഴും ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കകയല്ല, ഒരു ഭരണാധികാരിയോ ഭരണകൂടമോ ചെയ്യേണ്ടത്. ജനങ്ങള്‍ പ്രതികരിക്കുന്നതില്‍ കഴമ്പുണ്ടോ, ഉണ്ടെങ്കില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടേയോ ഇടതുപക്ഷ സര്‍ക്കാരിന്റെയോ എല്ലാ നടപടികളെയും എതിര്‍ക്കുന്ന രാഷ്ട്രീയ കുടിലത ജനങ്ങള്‍ക്കില്ല. മാധ്യമങ്ങള്‍ക്കുമില്ല. എന്നാല്‍, രാഷ്ട്രീയ ചേരിതിരിവിന്റെ മാധ്യമ സംസ്‌ക്കാരം അതാതു മാധ്യമങ്ങള്‍ തമ്മില്‍ തീര്‍ക്കുകയാണ് വേണ്ടത്. ജനങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ അതിനെ വ്യക്തിഹത്യയായി കാണാതിരിക്കുകയും പാര്‍ട്ടിയെ ഇകഴ്ത്തുന്നുവെന്ന നിറം കൊടുക്കാതിരിക്കുകയും ചെയ്യുക. ലാല്‍ സലാം സഖാക്കളെ