
തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്ര വിജയം
കൊച്ചി: വാശിയേറിയ പോരാട്ടം നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ഉമാ തോമസ് കാല് ലക്ഷത്തിലേറെ വോട്ടിന്റെ ഉജ്വല വിജയം നേടി. ഡോ.ജോ ജോസഫ് എന്ന അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി വിജയം നേടാനുള്ള സി.പി.എം തന്ത്രം പാളി. വോട്ടു വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് പഴയ ശക്തി നില നിര്‍ത്താനുമായില്ല.
അന്തരിച്ച ജനപ്രിയ നേതാവ് പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വെന്നിക്കൊടി പാറിച്ചത്. 25016 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമയ്ക്ക് ലഭിച്ചത്. ഉമ 72770 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് 47752 വോട്ടുകള്‍ നേടി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ
എ.എന്‍.രാധാകൃഷ്ണന് 12957 വോട്ടുകള്‍ നേടി.
ഉമയ്ക്ക് 53.76% വോട്ടും, ഡോ.ജോ ജോസഫിന് 35.28% വോട്ടും എ.എന്‍.രാധാകൃഷ്ണന് 9.97% വോട്ടും ലഭിച്ചു.
2021-ലെ തിരഞ്ഞെടുപ്പില്‍ പി.ടി.തോമസ് 14323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ ഉമ ഭൂരിപക്ഷം ഇരട്ടിയാക്കി. മാത്രമല്ല മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 2011 ല്‍ ബെന്നിബഹ്നാന്റെ 22406 ന്റെ ഭൂരിപക്ഷവും ഉമ മറികടക്കുകയും ചെയ്തു.
നിയമസഭയിലെ ഇടതു മുന്നണിയുടെ അംഗസംഖ്യ 99 ല്‍ നിന്ന് നൂറാക്കി സെഞ്ച്വറി അടിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രങ്ങളാണ് പിഴച്ചത്. ക്രൈസ്തവ സഭയ്ക്ക് താത്പര്യമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി സഭയുമായി അടുക്കാനുള്ള ഇടതു തന്ത്രവും വിജയിച്ചില്ല. സര്‍വ്വ സന്നാഹവുമൊരുക്കി മിന്നുന്ന പ്രചാരണമാണ് ഇടതു മുന്നണി നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്കി. മന്ത്രിമാരും എം.എല്‍.എമാരും വീടുകള്‍ കയറി ഇറങ്ങി പ്രചാരണം നടത്തി. ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി. എന്നിട്ടും മുന്നേറാന്‍ കഴിയാതെ പോയത് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു.
പോളിങ്ങ് ശതമാനത്തില്‍ സര്‍വ്വകാല കുറവ് വന്നത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഭയപ്പെടുത്തിയിരുന്നു. യു.ഡി.എഫിന് ശക്തിയുള്ള നഗര കേന്ദ്രങ്ങളിലായിരുന്നു കനത്ത തോതില്‍ പോളിംഗ് ശതമാനത്തില്‍ വീഴ്ച സംഭവിച്ചത്. ഉമയുടെ വിജയ പ്രതീക്ഷയില്പ്പോലും ഇത് ആശങ്കയുണ്ടാക്കി. എന്നാല്‍ യു.ഡി.എഫ് കേന്ദ്രങ്ങളെപ്പോലും വിസ്മയിപ്പിച്ചു കൊണ്ട് ഉമ ജയിച്ചു കയറി. തുടക്കം മുതല്‍ വോട്ട് എണ്ണിത്തീരും വരെ ഉമ മുന്നേറിക്കൊണ്ടിരുന്നു.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 13,897 വോട്ടുകള്‍ നേടിയ ട്വന്റി ട്വന്റി ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നില്ല. ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ അവര്‍ മനസാക്ഷി വോട്ടിന് ആഹ്വാനം നല്കി. ഇതില്‍ ഭൂരിപക്ഷം വോട്ടുകളും യു.ഡി.എഫിന് ലഭിച്ചു എന്ന് വേണം കരുതാന്‍.
ഇടതു മുന്നണി തോറ്റെങ്കിലും അവരുടെ ശക്തിയില്‍ ചോര്‍ച്ച ഉണ്ടായില്ലെന്ന് അവര്‍ക്ക് ആശ്വസിക്കാം. കഴിഞ്ഞ തവണ ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി 45510 വോട്ടുകള്‍ പിടിച്ചപ്പോള്‍ ഇത്തവണ 47752 വോട്ടുകള്‍ നേടി. പക്ഷേ ഭരണത്തിന്റെ വന്‍സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടും ഇത്ര വമ്പന്‍ പ്രചാരണം നടത്തിയിട്ടും ജിയിച്ചില്ലെങ്കില് പോലും ഭൂരിപക്ഷം കുറയ്ക്കാനെങ്കിലും അവര്‍ക്ക് കഴിഞ്ഞില്ല.
ബി.ജെ.പിക്ക് വോട്ടു കുറഞ്ഞത് ആ പാര്‍ട്ടിക്കുള്ളിലെ ആന്തരിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കും. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു മത്സരിത്തിനിറങ്ങിയത്. കഴിഞ്ഞ തവണ 11.34% വോട്ട് നേടിയ ബി.ജെ.പി ഇത്തവണ 9.97 ശതമാനത്തില്‍ ഒതുങ്ങി. 2016ല്‍ ബി.ജെ.പി 21247 വോട്ട് നേടിയിരുന്നു.
ഭിന്നതകള്‍ തത്ക്കാലത്തേക്കെങ്കിലും മാറ്റി വച്ച് ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങിയത് യു.ഡി.എഫിന് വിജയം സമ്മാനിച്ചു. പി.ടിയോടുള്ള നാട്ടുകാരുടെ സ്നേഹവായ്പും അദ്ദേഹത്തിന്റെ ആകസ്മിക മരണം സൃഷ്ടിച്ച വികാര വേലിയേറ്റവും വോട്ടാക്കി മാറ്റുന്നതില്‍ യു.ഡി.എഫ് വിജയിച്ചു.
കെ-റെയിലിന്റെ ഹിതപരിശോധനയുമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. കെ-റെയിലിനെ മുന്‍ നിര്‍ത്തിയുള്ള പ്രചരണ പരിപാടിയും അവര്‍ നടത്തിയിരുന്നു.
