
ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി :ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടയാമെന്ന് ഹൈക്കോടതി.വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.കേസ് വ്യാഴാഴ്ച പരിഗണിക്കും.
വിജയ് ബാബു അടുത്ത ദിവസം നാട്ടില്‍ എത്തുമെന്ന് ഉറപ്പു നല്കിയാല് രണ്ടോ മൂന്നോ ദിവസത്തേക്ക് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന് ഇതിനെ എതിര്‍ത്തു. വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുന്നതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.പ്രോസിക്യൂഷന്റെ ധാരണകള്‍ക്കൊപ്പമല്ല കോടതിയെന്നും നിയമം നടപ്പാക്കാനാണ് കോടതിയെന്നും ജഡ്ജി പറഞ്ഞു. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാം. എന്നാല്‍ കോടതിക്ക് ഒരു സാധാരണക്കാരന് മാത്രമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് അറസ്റ്റ് തടയുന്നതായി ഉത്തരവിട്ടത്.