
ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തീയതി കുറിച്ചു, ഇന്ത്യയുടെ മത്സരക്രമം ഇങ്ങനെ
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിന്റെ തീയതിയായി. ബിസിസിഐ, ഐസിസിക്ക് സമര്‍പ്പിച്ച കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം നടക്കുക. നോക്കൗട്ട് മത്സരങ്ങളൊഴികെയുള്ള മത്സരങ്ങളൊന്നും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വേദി മാറുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല.
ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പടയോട്ടം തുടങ്ങുക. 11ന് ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ നേരിടും. ഇതിനുശേഷമാണ് പാക്കിസ്ഥാനെതിരെ 15ന് അഹമ്മദാബാദില്‍ പോരാട്ടങ്ങളുടെ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക.
പാക്കിസ്ഥാനെതിരായ മത്സരശേഷം 19ന് പൂനെയില്‍ ബംഗ്ലാദേശിനെ ഇന്ത്യ നേരിടും. 22ന് ധരംശാലയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യക്ക് പിന്നീട് ഒരാഴ്ച കഴിഞ്ഞെ മത്സരമുള്ളു. 29ന് ലഖ്നൗവില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. നവംബര്‍ രണ്ടിന് മുംബൈയില്‍ യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുകളിലൊന്നിനെ ഇന്ത്യ നേരിടും. വെസ്റ്റ് ഇന്‍ഡിസോ ശ്രീലങ്കയോ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 11ന് ബെംഗലൂരുവില്‍ യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമിനെ നേരിടുന്നതോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകും.
ഇന്ത്യന്‍ ടീമിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ സ്പിന്നര്‍മാരെ തുണക്കുന്ന ലഖ്നൗ, ചെന്നൈ, കൊല്‍ക്കത്ത സ്റ്റേഡിയങ്ങളിലാണ്.