ബിനു അടിമാലി ആശുപത്രി വിട്ടു, കൂട്ടുകാരന്‍ മരിച്ചതറിയാതെ

എഴുന്നേറ്റ് നടന്നല്ലേ കാറില്‍ കയറിയതെന്ന് ബിനു. ഒരു കുഴപ്പവുമില്ല. എല്ലാവരോടും നന്ദിയുണ്ടെന്നും ബിനു അടിമാലി

പറഞ്ഞു. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി ഡിസ്ചാര്‍ജ്ജായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നാലു ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് ബിനു അടിമാലി ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നത്. ആശുപത്രി മുറ്റത്തെത്തിയ കാറിലേക്ക് ഏറെ ബുദ്ധിമുട്ടിയാണ് ബിനു കയറിയത്. കാറിന്റെ മുന്‍ വശത്തെ സീറ്റില്‍ ഇരിക്കുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാന്‍ അദ്ദേഹം മറന്നില്ല. കാറില്‍ കയറി ഇരുന്ന ശേഷം തന്നെ കാണാനെത്തിയവരോട് ബിനു അടിമാലി നന്ദി പറഞ്ഞു.

‘ എല്ലാവരും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു. ഹാപ്പിയാണ്. ഒരു കുഴപ്പമില്ല. കാലിന് മറ്റു ബുദ്ധി മുട്ടുകളൊന്നും ഇല്ലല്ലോ എന്ന് ആരോ ചോദിച്ചപ്പോള്‍, എഴുന്നേറ്റ് നടന്നല്ലേ കാറില്‍ കയറിയതെന്ന് ബിനു പറഞ്ഞു. ഒരു കുഴപ്പവുമില്ല. എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹ പറഞ്ഞു. അടിമാലിയുടെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കണ്ണ് കലങ്ങി ചുവപ്പ് പടര്‍ന്നു കിടപ്പുണ്ട്. ആശുപത്രിയിലെത്തിയ സുഹൃത്തുക്കളോട് കൈ വീശിക്കാട്ടിയാണ് അടിമാലി ബിനു പോയത്.

ബിനു അടിമാലി, മഹേഷ് എന്നിവര്‍ക്കും ഗുരുതരമായ പരിക്കു പറ്റിയിരുന്നു. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ബിനുവിന്റെ മുഖത്ത് ചെറിയ പൊട്ടലുണ്ടായിരുന്നു. തലയില്‍ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തു ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കാലിനും പരിക്കേറ്റിരുന്നു. കൊല്ലം സുധിയുടെ മരണവിവരം സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബിനു അടിമാലിയെ അറിയിച്ചിരുന്നില്ല. ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66ലെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് സുധിയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച വണ്ടി അപകടത്തില്‍പ്പെടുന്നത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ വിവിധ ആശുപത്രികളിലേക്ക് വേഗത്തില്‍ എത്തിക്കുകയായിരുന്നു.

അതേസമയം, നടന്‍ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സുഹൃത്തുക്കളും കുടുംബവും.
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കൊപ്പം സുധി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇവര്‍ ഒന്നിച്ച് സ്റ്റേജില്‍ എത്തുമ്പോള്‍ തന്നെ കാണികളില്‍ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടല്‍ ഇവര്‍ക്കുമുണ്ട്. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്‌സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.

Leave a Reply

Your email address will not be published.

Previous post കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി; റോഡരികിൽ നിന്ന അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്
Next post സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിരിച്ചുവിട്ടേക്കും; പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു