സഞ്ചാരികളെ ഇതിലേ, കേരളത്തിലെ കടൽത്തീരങ്ങൾ കാത്തിരിക്കുന്നു

സഞ്ചാരികളേ… കേരളത്തിലെ കടൽത്തീരങ്ങൾ നിങ്ങൾക്കു മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും തീർച്ച. നിങ്ങളെ ആനന്ദഭരിതരാക്കുന്ന ഒട്ടേറെ കടൽത്തീരങ്ങളുണ്ട് കേരളത്തിൽ. കോവളം, വർക്കല, ചൊവ്വര, ചാവക്കാട്, നാട്ടിക, ചെറായി, കിഴുന്ന, പൂവാർ എന്നീ തീരങ്ങൾ അവയിൽ ചിലതു മാത്രം. വൈവിധ്യമാർന്ന സുഖവാസകേന്ദ്രങ്ങളും ഹോട്ടലുകളും ധാരാളമുണ്ട് കേരളത്തിന്റെ സമുദ്രതീരത്ത്. ചുരങ്ങിയ ചെലവിലും റൂമുകൾ ലഭ്യമാണ്. ചില ബീച്ചുകൾ പരിചയപ്പെടാം.

കാപ്പാട് ബീച്ച്
കേരള ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലമാണ് കോഴിക്കോട്ടെ കാപ്പാട് ബീച്ച്.  1498ൽ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തിൽ  യൂറോപ്യന്മാർ കേരളത്തിൽ കപ്പലിറങ്ങുന്നത് കാപ്പാട് ബീച്ചിലാണ്. ഇതോടെ, കേരളമാകെയും മലബാർ തീരം പ്രത്യേകിച്ചും വലിയ മാറ്റങ്ങൾക്കു വിധേയമായി.  കേരളത്തിന്റെ വ്യാപാരവഴികൾ വീണ്ടും വികസിക്കാൻ ഈ കടലോരം നിമിത്തമായി. കാപ്പാടും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞാൽ  അതിന്റെ ചരിത്ര പ്രാധാന്യമറിയാം. കടൽത്തീരത്തുള്ള ചെറു കടകൾ നാടൻവിഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. ഈ തീരത്ത് ദേശാടന പക്ഷികളും അപൂർവ്വമല്ല. നമ്മുടെ ചരിത്രത്തിൽ നിർണായകസ്ഥാനം വഹിക്കുന്ന കാപ്പാട് കടൽത്തീരം എന്തു കൊണ്ടും താൽപര്യമുണർത്തുന്ന ഒരിടമാണ്.

കോവളം
ലോകപ്രസിദ്ധമാണ് കോവളം ബീച്ച്. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയിൽ മറ്റ് മൂന്ന് തീരങ്ങൾ കൂടിയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. നീന്തലും വെയിൽ കായലും ആയുർവേദ സൗന്ദര്യ സംരക്ഷണവും കട്ടമരത്തിൽ കടൽയാത്രയും ഇവിടെ ആസ്വദിക്കാം. ചെലവു കുറഞ്ഞ കോട്ടേജുകൾ, ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, യോഗ, ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിങ്ങനെ കോവളത്ത് വിനോദസഞ്ചാരികൾക്കു വിവിധനിരക്കിലുളള സൗകര്യങ്ങൾ ലഭിക്കും.

പഞ്ച നക്ഷത്ര ഹോട്ടലുകൾ മുതൽ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ വരെ കോവളത്തു താമസ സൗകര്യമൊരുക്കുന്നു. കോൺടിനെന്റൽ ഭക്ഷണം മുതൽ വടക്കേ ഇന്ത്യൻ, ദക്ഷിണേന്ത്യൻ രുചികളും തനി നാടൻ രുചികളും ആസ്വദിക്കാവുന്ന ഭക്ഷണശാലകളും സുലഭമാണ്. 

കാപ്പിൽ
വർക്കലയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയാണ് കാപ്പിൽ കായലും കടൽത്തീരവും സ്ഥിതി ചെയ്യുന്നത്. കായലിന്റെ സ്വച്ഛതയും കടലിന്റെ പ്രസരിപ്പും ഒന്നിച്ചനുഭവിക്കാം എന്നതാണ് ഇവിടത്തെ സവിശേഷത. തലസ്ഥാന നഗരമായ തിരവനന്തപുരത്തിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കാപ്പിൽ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ബോട്ടുസവാരിക്കും വാട്ടർ സ്പോർട്സിനും പേരുകേട്ട ഇടമാണ് കാപ്പിൽ.

ചെറായി
നീന്തൽക്കാരുടെ പറുദീസാ എന്നറിയപ്പെടുന്ന ചെറായി കടൽത്തീരം എറണാകുളം നഗരത്തിനു സമീപമുള്ള  വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ്. തെങ്ങിൻ തോപ്പുകളും, കടലോരത്തെ ചീനവലകളും ചെറായി കടൽത്തീരത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകൾ ധാരാളമുണ്ടിവിടെ. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാം.

Leave a Reply

Your email address will not be published.

Previous post വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കെട്ടേണ്ട, അതിനുള്ള ശ്രമമാണ് നടക്കുന്നത്: പി.എം.ആർഷോ
Next post ‘ആലപ്പുഴ മീൻകറി’ തയാറാക്കാം; കെട്ടുവള്ള വിഭവങ്ങളിൽ കേമൻ