
ടൈറ്റില്‍: ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടാല്‍ പോലീസുകാര്‍ക്ക് ധനസഹായമില്ല, അതെന്താ
കാക്കിയിട്ടെന്ന് ഒറ്റപ്പേരില്‍ സര്‍ക്കാര്‍ സഹായം നഷ്ടപ്പെടുന്ന കൂട്ടരായി മാറിയിരിക്കുകയാണ് പോലീസ്. ഡ്യൂട്ടിക്കിടയിലോ, അല്ലാതെയോ ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലീസുകാരന്റെ കുടുംബം സഹിച്ചോണം. പരാതിയും പരിഭവവും പറയാന്‍ നില്‍ക്കരുത്. സര്‍ക്കാര്‍ സഹായത്തിന് കൈ നീട്ടി നില്‍ക്കരുത്. ചോദിക്കരുത്. പറയരുത്. ഇതാണ് കാലങ്ങളായി പോലീസുകാരും അവരുടെ കുടുംബങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍, എല്ലാക്കാലത്തും ഇതു തന്നെ കേള്‍ക്കാന്‍ മനസ്സില്ലെന്നാണ് പോലീസില്‍ ജോലി ചെയ്യുന്ന ആണായിട്ടുള്ളവര്‍ പറയുന്നത്. മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ തന്നെയാണ് പോലീസുകാരും എന്നത് മറന്നു പോകുന്നതെന്താണ്.

ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍ക്കും ഫര്‍ഫോഴ്സ് ഉദ്യോഗസ്ഥനും 25 ലക്ഷം രൂപ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് കോട്ടയത്തെ ചീട്ടുകളി സംഘത്തെ പിടിക്കാന്‍ പോയി ഡ്യൂട്ടിക്കിടെ മരിച്ച എസ്.ഐ സാറിനും കൊടുക്കേണ്ടതല്ലേ. അതിന് മറ്റെന്തെങ്കിലും തടസ്സമുണ്ടോ. കുറച്ചു ദിവസമായി പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന സന്ദേശമാണിത്. മറ്റു വകുപ്പുകളില്‍ ജോലിക്കിടെ മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥരോട് കുറച്ചു കാലമായി കടുത്ത അവഗണനയാണുള്ളതെന്ന പരാതിയാണ് അവര്‍ക്കുള്ളത്. മെയ് 14ന് കോട്ടയത്ത് ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോബി ജോര്‍ജ്ജിന്റെ കുടുംബത്തിന് മന്ത്രിസഭാ യോഗം ഒരു സഹായവും പ്രഖ്യാപിക്കാത്തതാണ് സേനാംഗങ്ങളെ പ്രകോപിപ്പിച്ചത്.

വര്‍ക്കലയില്‍ ബോട്ടുമറിഞ്ഞ് പോലീസുകാരനായ ബാലു മരിച്ചിട്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു സഹായവും നല്‍കിയില്ല. ഏഴ് വര്‍ഷത്തിനിടെ 15ലധികം പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരിച്ചെങ്കിലും അവര്‍ക്കൊന്നും കാര്യമായ സഹായങ്ങള്‍ ലഭിച്ചില്ലെന്ന് സേനാംഗങ്ങള്‍ പറയുന്നു. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹന ഡ്യൂട്ടിക്കിടെ മരിച്ച പോലീസുകാരന്‍ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതു മാത്രമാണ് ഈ കാലഘട്ടത്തിലുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈ പണം അനുവദിച്ചത് ലോകായുക്തയുടെ മുന്നില്‍ കേസായി പരിഗണനയിലുമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ കൃത്യനിര്‍വ്വഹണത്തിനിടെ മരിക്കുന്ന പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ധസഹായം ഉണ്ടായിട്ടില്ല.

സര്‍ക്കാരിന്റെ മര്‍ദ്ദനോപാധി കൂടിയായ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടി ആയിട്ടാണ് പോലീസുകാര്‍ ഇതിനെ ചിത്രീകരിക്കുന്നത്. പക്ഷെ, പുറത്ത് ചര്‍ച്ചയാക്കാനോ, മറ്റുള്ളവരോട് പറയാനോ, രാഷ്ട്രീയക്കാരോട് പറഞ്ഞ് മുതലെടുപ്പ് നടത്താനോ ഇവര്‍ തയ്യാറല്ല. പോലീസ് അസോസിയേഷനില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. സര്‍ക്കാര്‍ നയപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണിതെന്ന് പോലീസുകാര്‍ക്കു തന്നെ അറിയാം. യൂണിഫോം ഇട്ടതു കൊണ്ടു മാത്രം നീതി നിഷേധിക്കപ്പെടാതിരിക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഇതു ചെയ്യുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന കാക്കിക്കുള്ളിലെ നല്ല മനുഷ്യരുമുണ്ട്. നിയമ പരിപാലനത്തിന്റെ പേരില്‍ സമൂഹത്തിന്റെ ആട്ടിത്തെളിക്കലിലും ക്രിമിനലുകളുടെ കത്തികള്‍ക്കും ഇടയില്‍പ്പെട്ടു പോകുന്നവരുടെ കുടുംബങ്ങളെ സഹായിക്കേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. പോലീസ് മേധാവികളുടെ ഇതില്‍ കൃത്യമായി ഇടപെടണം.

ജോലി ചെയ്യുന്ന കാലമത്രയും ബ്രിട്ടീഷ് പോലീസിന്റെ മനോഭാവത്തോടെ പ്രതികളോടും സാധാരണ ജനങ്ങളോടും പെരുമാറുന്ന പോലീസുകാര്‍ക്ക്, വിശ്രമ കാലത്ത് ചാര്‍ത്തിക്കിട്ടുന്ന കുറേ പേരുകളുണ്ട്. മുഷ്‌ക്കന്‍. കണ്ണില്‍ ചോരയില്ലാത്തവന്‍. പുലി, നരി, കൈക്കൂലിപ്പാവി. മുരടന്‍. ചെകുത്താന്‍ എന്നൊക്കെയാണത്. ഈ പേരുകള്‍ എത്ര കുളിച്ചാലും നനച്ചാലും മാറാതെ കിടക്കും. മുച്ചൂടും മുടിഞ്ഞു പോകുന്ന ഈ പ്‌രാക്കുകള്‍ കേട്ടാലും പോലീസുകാര്‍ക്ക് ഒന്നും തോന്നാറില്ല. പോലീസുകാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ സംഭവിക്കുന്ന അപകട മരണങ്ങളെങ്കിലും സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ സാധിക്കണം. അടിമകളെപ്പോലെ പണിയെടുക്കുന്ന പോലീസുകാരുടെ മനോധൈര്യത്തിന്റെ കൂടെ പ്രശ്‌നമായി ഇതിനെ കാണണം. അഞ്ചു പൈസയ്ക്ക് പ്രയോജനമില്ലാത്ത പോലീസുകാരന് മരിക്കുമ്പോള്‍ കുടുംബത്തിനെങ്കിലും ഗുണമുണ്ടാകണം. പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പുകളില്‍ ഇങ്ങനെ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നത് സര്‍ക്കാരും അറിഞ്ഞിരിക്കണം.