വ്യാജ സ‍ര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയെ കണ്ടെത്താതെ പൊലീസ്

എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യ എവിടെയെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല. വിദ്യ നിർമിച്ച വ്യാജരേഖയുടെ ഒറിജിനൽ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിക്കാത്തത് കേസ് ദുർബലമാക്കും. ഇതിനിടെ വ്യാജരേഖയുണ്ടാക്കാൻ കെ വിദ്യ ഉപയോഗിച്ചത് മഹാരാജാസിൽ നിന്ന് 2018- 19 കാലയളവിൽ കിട്ടിയ ആസ്പയർ സ്കോളർഷിപ്പിന്റെ പ്രോജക്ട് സർട്ടിഫിക്കറ്റെന്ന വിവരം പുറത്ത് വന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ മഹാരാജസ് കോളേജിനെ തിങ്കളാഴ്ച രേഖാമൂലം ബന്ധപ്പെട്ടു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അന്ന് വൈകീട്ട് പൊലീസിൽ പരാതി നൽകി. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്‍റെ തീരുമാനം. എന്നാൽ കാസർകോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാൻ തീരുമാനിച്ചതോടെ പൊലീസിൽ ആശയക്കുഴപ്പമായി.

എന്നാൽ ഇതിനിടയിൽ പ്രാഥമികമായി പൊലീസ് പൂർത്തിയാക്കേണ്ട നടപടികളിൽ കാലതാമസമുണ്ടായി. പ്രതിയായ കെ വിദ്യ എവിടെ എന്നതിൽ ഒരു സൂചനയും പൊലീസിനില്ല. വ്യാജ രേഖയുടെ കോപ്പിയാണ് നിലവിൽ പൊലീസിന്‍റെ കൈയ്യിലുള്ളത്. പ്രതി ഉണ്ടാക്കിയ അസ്സൽ പകർപ്പ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേസ് കോടതിയിൽ ദുർബലമാകും. സംഭവം പുറത്ത് വന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ കെ വിദ്യ തെളിവ് നശിപ്പിക്കാനുള്ള സാധ്യത കൂടുകയാണ്. എന്നാൽ അപ്പോഴും പൊലീസ് ഇപ്പോഴും പ്രാഥമിക നടപടികളിൽ തന്നെയാണ്. 

അതിനിടെ, എം ഫിൽ പഠനത്തിനിടെ മഹാരാജാസിൽ ചെയ്ത പ്രൊജക്ട് സർട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് വ്യാജ രേഖയിലേക്ക് വിദ്യ പകർത്തിയതെന്ന വിവരവും പുറത്ത് വന്നു. അന്ന് വൈസ് പ്രിൻസിപ്പലായിരുന്ന ജയമോൾ വി കെയുടെ ഒപ്പും സീലിനുമൊപ്പം ലെറ്റർ പാഡിലുള്ള കോളേജ് എംബ്ലവും കൂട്ടിചേർത്താണ് വ്യാജ രേഖ ഉണ്ടാക്കിയത്. 2018 ലാണ് വിദ്യ കാലടി സർവ്വകലാശാലയിൽ എംഫിൽ കോഴ്സിന് ചേർന്നത്. എം ഫിലിന്റെ് ഭാഗമായി ആയിരുന്നു ആസ്പയർ സ്കോളർഷിപ്പ് വഴി മഹാരാജാസിൽ പ്രോജക്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇതിന് ശേഷം കാസർകോട് കരിന്തളം കോളേജിലെത്തിയപ്പോഴാണ് വ്യാജ രേഖ ആദ്യം ഉപയോഗിച്ചത്. അതായത് വർഷങ്ങളായി ഈ വ്യാജ രേഖ തുടരുന്നുവെന്ന് സാരം.

Leave a Reply

Your email address will not be published.

Previous post മെയ്ക്ക് ഇൻ ഇന്ത്യയല്ല, കേബിളുകൾ ചൈനീസ് കമ്പനിയുടേത്, ​ഗുണനിലവാരത്തിലും സംശയം; കെ ഫോണിൽ കണ്ടെത്തലുമായി എജി
Next post ‘5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങളില്ല’; കോൺഗ്രസ് പുനസംഘടനയിൽ വിമർശനവുമായി സത്താർ പന്തല്ലൂർ