കാനഡയിലെ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ; എഴുനൂറിലധികം പേർക്ക് നോട്ടീസ് ലഭിച്ചു

കാനഡയിലെ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ. വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റുമാർക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ 12 ആഴ്ചയായി വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്നാണ് വിദ്യാർഥികൾക്ക് നാടുകത്തൽ നോട്ടീസ് ലഭിച്ചത്. 

തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണെന്നും നാലുവർഷത്തിന് ശേഷം നാടുകടത്തുമെന്നത് തങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഒരു ഇന്ത്യൻ വിദ്യാർത്ഥി പറഞ്ഞു. ചിലർ ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. നാടുകടത്തൽ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിലധികം ആളുകൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 

പല വിദ്യാർഥികൾക്കും ഓഫർ ലെറ്ററുകൾ ലഭിച്ച കോളേജുകളിലല്ല പ്രവേശനം ലഭിച്ചിട്ടുള്ളത്. കോളജുകളില്‍ സീറ്റ് നിറഞ്ഞെന്നു പറഞ്ഞ് ഏജന്റുമാർ തന്നെ മറ്റു കോളജുകളിൽ പ്രവേശനം നൽകുകയായിരുന്നു. ഈ വിഷയം കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി പഞ്ചാബ് മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 29 മുതൽ മിസ്സിസ്സാഗയിലെ എയർപോർട്ട് റോഡിലുള്ള കാനഡ ബോർഡർ സർവീസ് ഏജൻസിയ്ക്ക് മുന്നിലാണ് വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. കാനഡയിലെ വിവിധ കോളജുകളിൽ അഡ്‌മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്.

ജലന്ധർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് മുഖാന്തരം ഇവിടെയെത്തിയ വിദ്യാർഥികളാണിവർ. ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഒരു വിദ്യാർഥിയിൽനിന്ന് അഡ്‌മിഷൻ ഫീസ് ഉൾപ്പെടെ 16 ലക്ഷം രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ഏജൻസി കൈപ്പറ്റിയത്. ഇതിൽ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടില്ല. 

2018–19 അധ്യയനവർഷമാണ് വിദ്യാര്‍ഥികൾ പഠനത്തിനായി കാനഡയിലേക്ക് വന്നത്. തുടർന്ന് പെർമനന്റ് റെസിഡൻസിനായി അപേക്ഷിച്ചതിന്റെ ഭാഗമായി അഡ്‌മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാർഥികളും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയവരാണ്. കാനഡയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പെന്നാണ് വിവരം.

Leave a Reply

Your email address will not be published.

Previous post കേരളത്തിൽ കാലവർഷമെത്തി
Next post ഗവേഷക വിദ്യാര്‍ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുന്‍ അധ്യാപകനെതിരേ കേസെടുത്തു