വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു

മുംബൈയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിൽ 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങൾ കുക്കറിൽ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്ന് അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറിൽ തിളപ്പിക്കുകയും ചെയ്തു. തെളിവുകൾ മറച്ചുവെക്കാൻ പ്രതി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദില്ലിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published.

Previous post 4 വയസുകാരിയായ മകളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയില്‍
Next post മഹാരാജാസിലെ വ്യാജരേഖ: മമ്മൂട്ടിയടക്കം വേദനയോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍