സംവിധായകൻ നജീം കോയയുടെ മുറിയിൽ എക്‌സൈസ് പരിശോധന; ക്രിമിനൽ ഗൂഢാലോചനയെന്ന് ഫെഫ്ക

ചലച്ചിത്ര സംവിധായകൻ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽമുറിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. നിയമപരമായ പരിശോധനകൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ എക്‌സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് സംവിധായകൻ നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്‌സൈസ് ഇൻറലിജൻസ് വിഭാഗത്തിൻറെ റെയ്ഡ് നടന്നത്. ഒരു വെബ് സിരീസിൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ നജീമിൻറെയും സംഘത്തിൻറെയും മുറിയിലേക്കാണ് എക്‌സൈസ് ഉദ്യേഗസ്ഥർ എത്തിയത്. ‘ഉയർന്ന ഉദ്യോഗസ്ഥരടക്കം 15 നും 20 നും ഇടയ്ക്ക് ആളുകളാണ് ഉണ്ടായിരുന്നത്. നജീമിനെയും മറ്റുള്ളവരെയും പുറത്തിറക്കി വരിവരിയായി നിർത്തിയതിനു ശേഷം ഉദ്യോഗസ്ഥർ അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. കയറിയപാടെ നജീമിനോട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് സാധനം എടുക്കെടാ എന്നാണ്. 2 മണിക്കൂർ നീണ്ട ഒരു റെയ്ഡ് ആണ് അദ്ദേഹത്തിൻറെ മുറിയിൽ പിന്നീട് നടന്നത്. അതിനിടെ, കിട്ടിയിട്ടില്ല എന്ന് ഏതോ ഉദ്യോഗസ്ഥനോട് ഇവർ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് നജീമിനോട് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു, നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ. ഇവിടെയില്ല എന്ന് ഉറപ്പാണോ എന്ന്. അതിനിടെ നജീമിൻറെ ഉപയോഗത്തിന് പ്രൊഡക്ഷനിൽ നിന്ന് കൊടുത്ത കാറും ഇവർ പരിശോധിച്ചു’, ബി ഉണ്ണികൃഷ്ണൻ പറയുന്നു.


സിനിമാ മേഖലയിൽ വൻ തോതിൽ ലഹരി ഉപയോഗമെന്ന ആരോപണത്തെ തുടർന്ന് സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്താവനയിലും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ‘ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ സാധിക്കും. സിനിമാ മേഖലയെ മുഴുവൻസമയ നിരീക്ഷണത്തിൽ നിർത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാ സെറ്റിൽ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവർ എല്ലാം പുറത്തു വിടണം’, ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. 
 

Leave a Reply

Your email address will not be published.

Previous post ഒന്നുമല്ലാത്തൊരാളെ എസ് എഫ് ഐ നേതാവാക്കല്ലേ’; വിദ്യ തെറ്റ് ചെയ്തെന്ന് ഇ പി ജയരാജൻ
Next post പാർട്ടി ഫണ്ടിൽ തിരിമറി; പി കെ ശശിയോട് വിശദീകരണം തേടും