
തിരിച്ചറിയാനാകാത്ത മൃതദേഹത്തിന് ഒന്നിലധികം അവകാശികള്‍ എത്തുന്നു; ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍
ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ വരുന്നതിനാലാണ് വിവിധ ആശുപത്രികളിലേക്ക് വരുന്ന ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തീരുമാനിച്ചതെന്ന് ഭുവനേശ്വർ മുൻസിപ്പൽ കമ്മിഷണർ വിജയ് അമൃത് കുലങ്കെ വ്യക്തമാക്കി.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനാലാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ഡിഎൻഎ ടെസ്റ്റിലൂടെ മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയൂവെന്നും വിജയ് അമൃത് കുലങ്കെ പറഞ്ഞു. ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ തുടങ്ങിയ സെന്ററിൽ തിങ്കളാഴ്ച മാത്രം 20 പേരുടെ ഡിഎൻഎ സാമ്പിളുകളാണ് ശേഖരിച്ചത്.
ട്രെയിൻ അപകടത്തിൽ ആകെ 288 പേരാണ് മരിച്ചതെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. ഇതിൽ 193 മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കു മാറ്റിയതായി ബാലസോർ ജില്ലാ കലക്ടറും അറിയിച്ചു. തിരിച്ചറിഞ്ഞ 110 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. എന്നാൽ ഇനി ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ മൃതദേഹങ്ങൾ വിട്ടു നൽകൂവെന്നും അധികൃതർ വ്യക്തമാക്കി.