
കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ വര്‍ധിപ്പിച്ചു
കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ വര്‍ധിപ്പിച്ചു. 11,000 രൂപയില്‍ നിന്ന് 14,080 രൂപയായാണ് വര്‍ധിപ്പിച്ചത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും. സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് 2019 പെന്‍ഷന്‍ പരിഷ്‌ക്കരണ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ക്ഷാമാശ്വാസവും ഇവര്‍ക്ക് അനുവദിക്കും.
താലൂക്കുതല അദാലത്തില്‍ മാറ്റിവെക്കപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥ യോഗങ്ങള്‍
താലൂക്കുതല അദാലത്തില്‍ ലഭിച്ചതും, ജില്ലാ തലത്തില്‍ തീര്‍പ്പാക്കുന്നതിനായി മാറ്റി വെച്ചതുമായ പരാതികള്‍ പരിഹരിക്കുന്നതിന്
മന്ത്രിമാര്‍ പങ്കെടുത്ത് ജില്ലകളില്‍ ഉദ്യോഗസ്ഥ യോഗങ്ങള്‍ ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളിലെ യോഗം ജൂലൈ 10നും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജൂലൈ 13നും വയനാട്, കാസര്‍ഗോഡ്, ആലപ്പുഴ ജൂലൈ 24നും നടക്കും. പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കും.
ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍
പത്തനംതിട്ട ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടറായി റ്റി. ഹരികൃഷ്ണനെ നിയമിക്കാന്‍ തീരുമാനിച്ചു.
തസ്തിക
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ 6 അസിസ്റ്റന്റ് രജിസ്ട്രാര്‍ തസ്തികയും ഒരു ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയും ഒരു വര്‍ഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ സൃഷ്ടിക്കും.
നിയമനം
ഐസിഫോസ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍) ഡയറക്ടറായി ഡോ. ടി. ടി. സുനിലിനെ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കും. നിലവില്‍ ആറ്റിങ്ങലില്‍ ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കോളേജിലെ പ്രൊഫസറാണ് അദ്ദേഹം.