കണിച്ചാര്‍ ഉരുള്‍പൊട്ടല്‍ പ്രത്യേക ദുരന്തമായി കണക്കാക്കും

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018-19 പ്രളയത്തില്‍ അനുവദിച്ചത് പോലെ വീടുകള്‍ക്ക് നാശനഷ്ടം നല്‍കും. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ 4 ലക്ഷം രൂപ നല്‍കും.

ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിര്‍ന്ന വ്യക്തികള്‍ക്ക് 100 രൂപ വീതവും 33 കുട്ടികള്‍ക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നല്‍കും. റോഡുകള്‍, കെട്ടിടങ്ങള്‍, വീടുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, വൈദ്യുതി പോസ്റ്റുകള്‍, കൃഷി, മൃ?ഗസംരക്ഷണം, കുടിവെള്ള സ്രോതസുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.

തൊഴില്‍ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയില്‍ ദുരന്തബാധിതര്‍ക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മറ്റും അടിയന്തര ധനസഹായം നല്‍കുന്നതിനും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് 20 ലക്ഷം രൂപ അഡ്വാന്‍സ് ആയി അനുവദിക്കും.

Leave a Reply

Your email address will not be published.

Previous post അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താത്പര്യമാണെന്ന് മദ്രാസ് ഹൈക്കോടതി
Next post കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ വര്‍ധിപ്പിച്ചു