
അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താത്പര്യമാണെന്ന് മദ്രാസ് ഹൈക്കോടതി
അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പൊതുതാൽപര്യമല്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താൽപര്യമാണെന്നും വിമർശിച്ച് മദ്രാസ് ഹൈക്കോടതി. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി സാഹചര്യം മനസിലാക്കാതെയുള്ള ആവശ്യമാണിതെന്നും കുറ്റപ്പെടുത്തി.
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏറണാകുളം സ്വദേശിയായ റെബേക്ക ജോസഫാണ് മദ്രാസ് ഹൈകോടതിയിൽ ഹർജി നൽകിയിരുന്നത്. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നുവിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. തങ്ങൾ സാങ്കേതിക വിദഗ്ധരല്ലെന്നും, അതിനാൽ ഹർജി ഫോറസ്റ്റ് ബെഞ്ച് കേൾക്കട്ടെയെന്നും കോടതി പറഞ്ഞു.
അതേസമയം കമ്പത്ത് നിന്നും മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലി മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് തമിഴ്നാട് വനംവകുപ്പ് തുറന്നു വിട്ടിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഉറപ്പുവരുത്തിയ ശേഷം ഇന്ന് രാവിലെയാണ് ആനയെ തുറന്നു വിട്ടത്.
