മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ച് അധ്യാപിക നിയമനം നേടി; പൂർവ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കോളേജിലെ തന്നെ പൂർവ വിദ്യാർഥിനി മറ്റൊരു സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചററായി. സംഭവത്തിൽ കോളേജ് അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൃത്രിമം നടത്തിയ കെ വിദ്യയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. വ്യാജ രേഖ ചമച്ച് ഹാജരാക്കി എന്ന വകുപ്പ് ചുമത്തിയാണ് കാസർ​ഗോഡ് സ്വദേശിനിയായ വിദ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
       
മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലെക്ചർ ആയി ജോലി ചെയ്‌തെന്ന് തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റാണ് യുവതി ചമച്ചത്. ഈ രേഖകൾ അട്ടപ്പാടി ഗവ. കോളജിൽ ഹാജരാക്കിയപ്പോൾ അവർക്ക് സംശയം തോന്നുകയും, ഈക്കാര്യം അന്വേഷിക്കുകയുമായിരുന്നു. തുടർന്നാണ് 10 വര്‍ഷത്തിനിടെ മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്‌ചർ നിയമനം നടന്നിട്ടില്ലെന്നും, രേഖകൾ വ്യാജമാണെന്നും കണ്ടെത്തിയത്.

ഒരു വർഷം മുൻപ്‌ പാലക്കാട്ടെ മറ്റൊരു സർക്കാർ കോളേജിലും പിന്നീട് കാസർ​ഗോഡ് ജില്ലയിലെ ഒരു സർക്കാർ കോളേജിലും ഇവർ ഗസ്റ്റ് ലക്ചററായിരുന്നു. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഇവർ ഉണ്ടാക്കിയത്. 2018-ൽ മഹാരാജാസിൽനിന്ന് എം.എ നേടിയ വിദ്യ പിന്നീട് കാലടി സർവകലാശാലയിൽ  എം.ഫിലും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Previous post പരീക്ഷ എഴുതാതെ ‘വിജയി’; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍
Next post റഷ്യൻ നിയന്ത്രിത ദക്ഷിണ യുക്രൈനിൽ അണക്കെട്ട് തകർത്തു; പിന്നിൽ യുക്രൈൻ ആണെന്ന് റഷ്യയും, റഷ്യയാണെന്ന് യുക്രൈനും