
ഒഡീഷ ട്രെയിൻ അപകടം തൃണമൂൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ്
ഒഡീഷയിലെ ട്രെയിൻ അപകടം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. വേറൊരു സംസ്ഥാനത്ത് നടന്ന അപകടമായിട്ടും ഇന്നലെ മുതൽ തൃണമൂൽ കോൺഗ്രസ് പരിഭ്രാന്തരാണ്. അപകടത്തിൽ സിബിഐ അന്വേഷണത്തെയും ഭയപ്പെടുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഫോണ്‍ തൃണമൂൽ കോൺഗ്രസ് ചോർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അപകടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന തീരുമാനത്തെ പിന്തുണയ്ക്കാൻ തൃണമൂൽ കോൺഗ്രസ് കാണിക്കുന്ന വിമുഖതയെ ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എങ്ങനെയാണ് രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണം തൃണമൂൽ കോൺഗ്രസിൽ എത്തിയതെന്ന് അന്വേഷിക്കണമെന്നും ബംഗാൾ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം തൃണമൂൽ നേതാവ് കുനാൽ ഘോഷ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണം അപഹാസ്യമെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.