നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്

വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം. രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. സുധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മിമിക്രി, സിനിമാ, സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് എത്തുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. എല്ലിന് പൊട്ടലേറ്റ ഉല്ലാസ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട മഹേഷ് കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published.

Previous post അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു
Next post കെഎസ്‌ഇബി പേരില്‍ വ്യാജ കോള്‍, പിന്നാലെ ഫോണില്‍ ലിങ്കും; യുവാവിന് പണം നഷ്ടമായി