അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു

ആരോഗ്യനില തൃപ്തികരമെന്ന്

മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ ചികിത്സ നൽകിയതിന് ശേഷം മുണ്ടന്‍തുറെ കടുവാ സങ്കേതത്തിലേക്ക് തുറന്നുവിട്ടു. ആനയെ ജനവാസമില്ലാത്ത ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടെന്നാണ്‌ തമിഴ്‌നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്കാണ് ചികിത്സ നൽകിയത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. 

കമ്പത്തുനിന്ന് പിടികൂടിയ അരിക്കൊമ്പനെ കഴിഞ്ഞ ദിവസാണ് ഇരുനൂറോളം കിലോമീറ്റര്‍ അകലെയുള്ള തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചത്. കമ്പം, തേനി, മധുര, വിരുദുനഗര്‍, തിരുനെല്‍വേലി, കല്ലടകുറിച്ചി വഴി വൈകീട്ട് അഞ്ച് മണിയോടെയാണ് അരിക്കൊമ്പനെ  മുണ്ടന്‍തുറൈയിൽ എത്തിച്ചത്.

തുമ്പിക്കൈ ലോറിയില്‍ ചുറ്റിപ്പിടിച്ചു നിന്ന ആന വരുന്ന വഴിയിൽ ക്ഷീണിതനായാണ് കാണപ്പെട്ടത്. മാഞ്ചോലയ്ക്കു പോകുന്ന ഭാഗത്തെ മണിമുത്താര്‍ ഡാം വനംവകുപ്പ് ചെക്പോസ്റ്റ് വരെ മാത്രമേ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇവിടെ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Previous post വിദ്യാര്‍ത്ഥിനിയുടെ മരണം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
Next post നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്