വിദ്യാര്‍ത്ഥിനിയുടെ മരണം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.

സ്ഥലം എംഎല്‍എയും സര്‍ക്കാര്‍ ചീഫ് വിപ്പുമായ എന്‍ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്‌മെന്റ് അധികൃതര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാന്‍ തീരുമാനിച്ചത്.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്നാണ് സഹപാഠികളുടെ ആരോപണം. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ പറ്റിയും ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ചതിനുശേഷം അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റിയും വിശദമായ ചര്‍ച്ച നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികള്‍ ഇന്ന് തുടങ്ങുമെന്ന് പൊലീസും അറിയിച്ചു.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്ബത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

Leave a Reply

Your email address will not be published.

Previous post റെയില്‍വേ നേരിടുന്ന 11 പ്രശ്‌നങ്ങള്‍ നരേന്ദ്ര മോദിക്കു മുമ്പില്‍
Next post അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു