
റെയില്‍വേ നേരിടുന്ന 11 പ്രശ്നങ്ങള്‍ നരേന്ദ്ര മോദിക്കു മുമ്പില്‍
മൂന്നു ലക്ഷത്തോളം ഒഴിവുകള്‍ റെയില്‍വെയില്‍ ഉള്ളതിനാല്‍ ലോക്കോ പൈലറ്റുമാര്‍ അധിക സമയം ജോലിയെടുക്കുന്നു
എന്തു സംഭവിച്ചാലും അത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതു കൊണ്ടാണെന്ന് പറയാന്‍ നോക്കിയിരിക്കുന്ന ഒരു കൂട്ടരുണ്ട്. നരേന്ദ്രമോദിയുടെ കാലത്തു മാത്രമേ ട്രെയിനുകള്‍ പാളം തെറ്റൂ. മോദിയുടെ കാലത്തു മാത്രമേ ശവശരീരങ്ങളോട് മാന്യത കാണിക്കാതിരിക്കൂ. മോദിയുടെ കാലത്തു മാത്രമേ ന്യൂനപക്ഷങ്ങളെ വേട്ടയാടൂ എന്നാണ് പ്രചാരണം കൊഴുക്കുന്നത്. എന്നാല്‍, അപകടങ്ങളുടെ ഘോഷയാത്രകള്‍ നടന്ന, കഴിഞ്ഞകാലങ്ങള്‍ അത്രപെട്ടെന്നു വിസ്മൃതിയിലാണ്ടു പോകില്ല. അടിയന്തിരാവസ്ഥക്കാലവും അതിനെത്തുടര്‍ന്നുണ്ടായ കലാപങ്ങളും ഇന്നും മുറിവു തന്നെയാണ്. രാമജന്മ ഭൂമി തിരിച്ചു പിടിക്കാന്‍ കര്‍സേവകര്‍ നരസിംഹ റാവു മന്ത്രിസഭാ കാലത്തല്ലേ ബാബറി മസ്ജിദിലേക്ക് ഇരച്ചുകയറിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിലംപരിശായ മോസ്ക്കുകള്‍, പിന്നീടുണ്ടായ കലാപങ്ങള്‍, ഇവയൊന്നും മറന്നു പോകരുതാരും. നരേന്ദ്ര മോദിയുടെ കാലത്തുണ്ടായി എന്നു പറയപ്പെടുന്ന ദുരന്തങ്ങളില്‍ അദ്ദേഹം കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നത് കാണാനാകും.

പുറ്റിങ്ങല്‍ അപകടത്തിലും, ഓഖിയിലും കേരളം അത് നേരിട്ടു കണ്ടതാണ്. ഓഖി വീശിയടിച്ചപ്പോള്‍ പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മലാ സീതാരാമനെ കേരളത്തിലേക്ക് പറഞ്ഞതു വിട്ടതിനു പിന്നില്‍ നരേന്ദ്ര മോദിയുടെ ഇടപെടലായിരുന്നു. ഒഡീഷയില്‍ നടന്ന ദാരുണമായ ദുരന്തത്തെ പ്രധാനമന്ത്രി അതേ ഗൗരവത്തോടെയാണ് കാണുന്നത്. റെയില്‍വേയില്‍ ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താനുണ്ടെങ്കില് അത് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനോട് കൃത്യമായി ആശയവിനിമയം നടത്തിയിട്ടുണ്ടാകും എന്നുറപ്പാണ്. എന്നാല്‍, അപകട കാരണം തിരഞ്ഞ് റെയില്‍വേ എത്തിച്ചേരുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിന് ഉതകുന്ന രീതിയില്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയോ, നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുകയാണ് വേണ്ടത്.
ഇതിന്റെ ചുവടു പിടിച്ചാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതില്‍ പറയുന്നത്, ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന പതിനൊന്ന് പ്രശ്നങ്ങളാണ്. ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകള്‍ റെയില്‍വെയില്‍ ഉള്ളതിനാല്‍ ലോക്കോപൈലറ്റുമാര്‍ അധിക സമയം ജോലിയെടുക്കേണ്ടി വരികയാണ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്നം.
സിഗ്നലിങ് സംവിധാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ റെയില്‍വെയിലെ ഒരു ഉദ്യോഗസ്ഥന് കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വെ മന്ത്രാലയത്തിന് കത്തയച്ചിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. റെയില്‍ സുരക്ഷയെ കുറിച്ചുള്ള പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടും, പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സി.ഐ.ജിയുടെ റിപ്പോര്‍ട്ടും ഇത് രീതിയില്‍ അവഗണിക്കപ്പെട്ടു. റെയില്‍വെയ്ക്ക് വേണ്ടി മാറ്റിവെയ്ക്കുന്ന പണം എന്തുകൊണ്ടാണ് ഓരോ വര്‍ഷവും കുറയുന്നതെന്നും കത്തില്‍ ചോദിക്കുന്നു.’
‘എന്തുകൊണ്ടാണ് കവച് പദ്ധതി രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രം നടപ്പിലാക്കിയത്? ബാക്കി 96 ശതമാനം സ്ഥലങ്ങളില്‍ എന്തു കൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല? എന്തിനു വേണ്ടിയാണ് റെയില്‍ ബജറ്റും യൂണിയന് ബജറ്റും ഒന്നിച്ചാക്കാമെന്ന് തീരുമാനിച്ചത്? ഈ തീരുമാനം റെയില്‍വെയ്ക്കു ലഭിക്കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കുന്നതല്ലേ? പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഇളവുകള്‍ എന്തിനാണ് റെയില്‍വെ ഒഴിവാക്കിയത്? തുടങ്ങി നിരവധി ചോദ്യങ്ങളും ഖാര്‍ഗെ കത്തില്‍ ചോദിച്ചിട്ടുണ്ട്. ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്ന് പറഞ്ഞ റെയില്‍വെ മന്ത്രി തന്നെയാണ് സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെങ്ങനെ നീതികരിക്കാനാകുമെന്നും എന്താണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു. 2016-ല്‍ കാണ്‍പുരില്‍ അപകടമുണ്ടായി 150 പേര് മരിച്ചു ആ ദുരന്തത്തിനു പിന്നാലെ അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രധാനമന്ത്രി ഒരു പൊതു വേദിയില്‍ പറഞ്ഞു. കേസന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എന്‍.ഐ.എ. 2018-ല്‍ ഒരു ചാര്‍ജ് ഷീറ്റു പോലും ഫയല്‍ ചെയ്യാതെ കേസ് അവസാനിപ്പിച്ചു. ആ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്നും കത്തില്‍ ഖാര്‍ഗെ ചോദിച്ചു.