
ആഷസിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സ്പിന്നര്‍ ജാക്ക് ലീഷ് പരിക്കേറ്റു പുറത്ത്
ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് വമ്പന്‍ തിരിച്ചടി. അവരുടെ നിര്‍ണായക സ്പിന്നറായ ജാക്ക് ലീഷ് പരിക്കിനെ തുടര്‍ന്ന് ആഷസില്‍ നിന്നു പിന്‍മാറി. പുറം വേദന അലട്ടിയതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ലീഷിന്റെ പകരക്കാരനായി മൊയീന്‍ അലി എത്തിയേക്കുമെന്ന് സൂചനകളുണ്ട്. ആഷസിനുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. 16 അംഗ സംഘത്തില്‍ ലീഷും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെയാണ് താരം ആഷസിനുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഏറെ വിശ്വാസമര്‍പ്പിക്കുന്ന സ്പിന്നറാണ് ലീഷ്. 13 ടെസ്റ്റുകളില്‍ നിന്നു 45 വിക്കറ്റുകള്‍ താരം വീഴ്ത്തി. ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരെ കരിയറിലെ കന്നി പത്ത് വിക്കറ്റ് നേട്ടവും താരം ആഘോഷിച്ചിരുന്നു. സീസണില്‍ കൗണ്ടിയിലും താരം മിന്നും ഫോമിലാണ്. സോമര്‍സെറ്റിനായി ഈ സീസണില്‍ പത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഏക ഇംഗ്ലീഷ് സ്പിന്നര്‍ കൂടിയാണ് ലീഷ്.
ആഷസ് ഒരുക്കങ്ങള്‍ക്കിടെയാണ് ജോഫ്ര ആര്‍ച്ചര്‍ പരിക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് ക്ഷീണമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ലീഷും പുറത്തായത്.