
ഇന്ത്യൻ റെയിൽവേയുടെ പതിനൊന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയ്ച്ച് മല്ലികാർജുൻ ഖാർഗെ
ഒഡിഷ ട്രെയിൻ അപകടത്തിന്റെ സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ നേരിടുന്ന പതിനൊന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകൾ റെയിൽവെയിൽ ഉള്ളതിനാൽ ലോക്കോപൈലറ്റുമാർ അധിക സമയം ജോലിയെടുക്കേണ്ടി വരികയാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്നം.
സിഗ്നലിങ് സംവിധാനത്തിന്റെ തകരാറുകൾ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവെയിലെ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവെ മന്ത്രാലയത്തിന് കത്തയച്ചിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. റെയിൽ സുരക്ഷയെ കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ റിപ്പോർട്ടും, പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സി.ഐ.ജിയുടെ റിപ്പോർട്ടും ഇത് രീതിയിൽ അവഗണിക്കപ്പെട്ടു. റെയിൽവെയ്ക്ക് വേണ്ടി മാറ്റിവെയ്ക്കുന്ന പണം എന്തുകൊണ്ടാണ് ഓരോ വർഷവും കുറയുന്നതെന്നും കത്തിൽ ചോദിക്കുന്നു.’
‘എന്തുകൊണ്ടാണ് കവച് പദ്ധതി രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രം നടപ്പിലാക്കിയത്? ബാക്കി 96 ശതമാനം സ്ഥലങ്ങളിൽ എന്തു കൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല? എന്തിനു വേണ്ടിയാണ് റെയിൽ ബജറ്റും യൂണിയൻ ബജറ്റും ഒന്നിച്ചാക്കാമെന്ന് തീരുമാനിച്ചത്? ഈ തീരുമാനം റെയിൽവെയ്ക്കു ലഭിക്കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കുന്നതല്ലേ? പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇളവുകൾ എന്തിനാണ് റെയിൽവെ ഒഴിവാക്കിയത്? തുടങ്ങി നിരവധി ചോദ്യങ്ങളും ഖാർഗെ കത്തിൽ ചോദിച്ചിട്ടുണ്ട്.
ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്ന് പറഞ്ഞ റെയിൽവെ മന്ത്രി തന്നെയാണ് സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെങ്ങനെ നീതികരിക്കാനാകുമെന്നും എന്താണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു.
2016-ൽ കാൺപുരിൽ അപകടമുണ്ടായി 150 പേർ മരിച്ചു ആ ദുരന്തത്തിനു പിന്നാലെ അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന് പ്രധാനമന്ത്രി ഒരു പൊതു വേദിയിൽ പറഞ്ഞു. കേസന്വേഷണം എൻ.ഐ.എയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ എൻ.ഐ.എ. 2018-ൽ ഒരു ചാർജ് ഷീറ്റു പോലും ഫയൽ ചെയ്യാതെ കേസ് അവസാനിപ്പിച്ചു. ആ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്നും കത്തിൽ ഖാർഗെ ചോദിച്ചു.