
അരികൊമ്പനെ അവനിഷ്ടമുള്ള സ്ഥലത്ത് നിന്നും നമുക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റുന്നു; വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്നെ ഇത് വളരയെധികം വേദനിപ്പിച്ചെന്നും, കൂടുതൽ പറഞ്ഞു വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സെന്റ് പോൾസ് കോളജിൽ പുതുതായി തുടങ്ങുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, എന്നിട്ട് അവനിഷ്ടമുള്ള സ്ഥലത്തിന് പകരം നമുക്ക് ഇഷ്ടമുള്ള ഒരിടത്തേക്ക് കൊണ്ടാക്കുന്നു. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാക്കുകയാണ്. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്ന് തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ രാത്രി 12.30 ഓടെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് വീഴ്ത്തിയത്. ഇനി ആനയെ തിരുനെൽവേലി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും. ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് ആനയെ മയക്കുവെടിവച്ചത്.