
നോർക്ക – യു.കെ കരിയർ ഫെയർ :
സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാർ യു.കെ യിലേയ്ക്ക്..
വിമാന ടിക്കറ്റുകൾ. പി. ശ്രീരാമകൃഷ്ണൻ കൈമാറി
നോർക്ക യു.കെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രുൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘത്തിന് യു.കെയിലെക്കുള്ള വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി. രാവിലെ 10.30 ന് തൈയ്ക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിലാണ് ടിക്കറ്റുകൾ കൈമാറിയത്. ആദ്യസംഘം ജൂൺ 19 ന് കൊച്ചിയിൽ നിന്നും ദോഹ വഴി യു.കെ യിലേയ്ക്ക് യാത്രതിരിക്കും.

ലക്ഷങ്ങൾ ചെലവുവരുന്നതും സ്വകാര്യറിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിന് വിധേയമാകുന്നതുമായിരുന്നു യു. കെ യിലേയ്ക്കുളള സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ റിക്രൂട്ട്മെന്റ്. അവിടെയാണ് പൂർണ്ണമായും സൗജന്യവും വ്യവസ്ഥാപിതവുമായ രീതിയിൽ നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് സാധ്യമായതെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇത് നോർക്ക റൂട്ട്സിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേബാ മറിയം സണ്ണി, ലിസ ചിന്നമ്മ ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്, സൂരജ് ദയാനന്ദന് എന്നിവരാണ് യു.കെ യിലേയ്ക്ക് തിരിക്കുന്ന ആദ്യ സംഘത്തിലെ സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാർ.

ടിക്കറ്റ് കൈമാറ്റ ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി.കെ, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു. സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുൾപ്പെടെ ആരോഗ്യ, സാമൂഹികസുരക്ഷാ മോഖലയിലെ 13 വ്യത്യസ്ത വിഭാഗങ്ങളിലേയ്ക്കായിരുന്നു കരിയർ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ്. ഇതിൽ നഴ്സുമാരുടെ ആദ്യസംഘം ഇതിനോടകം യു.കെ യിലെത്തിയിട്ടുണ്ട്.