ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനും പിണറായി വിജയനെന്ന കാരണഭൂതനും

അഞ്ചു കോടി വാങ്ങി ‘ കണാകുണാ ‘ എഴുതിയ ‘ കമ്മീഷന്‍ ‘ റിപ്പോര്‍ട്ട്

സോളാര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച ശിവരാജന്‍ കമ്മിഷന്‍ നാലോ അഞ്ചോ കോടി വാങ്ങിയിട്ട് ഉമ്മന്‍ ചാണ്ടിക്കെ തിരെ ‘ കണാ കുണാ ‘ റിപ്പോര്‍ട്ടെഴുതുകയായിരുന്നുവെന്ന് പ്രമുഖ സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരന്‍ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നു. ദിവാകരന്‍ ഇപ്പോഴാണ് ഇതു പറയുന്നതെങ്കിലും സ്ഥലകാല ബോധമുള്ളവര്‍ക്ക് അന്നേ ഇതറിയാമായിരുന്നു. ആര്‍ജ്ജവവും സത്യസന്ധതയുമുള്ള സാത്വികനായ ഒരു നേതാവും, എതിരാളിയെ താറടിച്ചു തകര്‍ക്കാന്‍ ഏതു മ്ലേഛമായ തന്ത്രങ്ങളും പ്രയോഗിക്കുന്നത് തെറ്റല്ല എന്നു കരുതുന്ന ഒരു കുടില രാഷ്ട്രീയ കക്ഷിയും തമ്മിലുള്ള മത്സരത്തിന്റെ അനന്തരഫലമായിരുന്നു സോളാര്‍ കമ്മീഷന്‍.

ഉമ്മന്‍ ചാണ്ടിയെ ലൈംഗികമായി സംശയിക്കത്തക്ക വണ്ണം എന്തെങ്കിലും പറഞ്ഞാല്‍ പത്തു കോടി രൂപയും എറണാകുളത്ത് ഒരു വീടും തരാമെന്ന് സജി ചെറിയാന്‍ പറഞ്ഞ കാര്യം അന്നു തന്നെ സോളാര്‍ കേസിലെ മുഖ്യപ്രതിയായ യുവതി പരസ്യമായി പറഞ്ഞിരുന്നു. അന്ന് ആ ഓഫര്‍ അവര്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടത് അുസരിച്ച് അവര്‍ ഉമ്മന്‍ചാണ്ടിക്കെതിരേ പറഞ്ഞു. പത്തു കോടിയും വീടും കൊടുക്കാമെന്നു പറഞ്ഞിട്ടും വഴങ്ങാതിരുന്ന സരിതയ്ക്ക് പിന്നീട് എത്ര കോടി കൊടുത്തിട്ടാവും വഴക്കിയെടുത്തത് എന്നത് ഇന്നും ദുരൂഹമാണ്. എങ്കിലും, കുറഞ്ഞത് ഇരുപത്തഞ്ച് കോടിയെങ്കിലും അതിനു വേണ്ടി സി പി എം കൊടുത്തിട്ടുണ്ടാവും എന്നാണ് ഒരുദ്ദേശം. അതിനു പുറമേയാണ് ശിവരാജന് കൊടുത്തിരിക്കാവുന്ന അഞ്ചു കോടി.

ജനപ്രിയനായ ഒരു നേതാവിനെ തകര്‍ക്കാന്‍ നേരും നെറിയും കെട്ട ഒരു രാഷ്ട്രീയക്കളിയാണ് ഇവിടെ തെളിയുന്നത്. അന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു ‘ എനിക്ക് എന്റെ മനസ്സാക്ഷിയില്‍ വിശ്വാസമുണ്ട്, സത്യം ഒരു നാള്‍ പുറത്തു വരും. ഇന്നിത് ചെയ്യുന്നവര്‍ക്ക് അന്ന് ദു:ഖിക്കേണ്ടിവരും ‘ എന്ന്. ചെയ്തു പോയ തെറ്റായപ്രവൃത്തിയെക്കുറിച്ചുള്ള ദു:ഖവും പശ്ചാത്താപവും മന:സാക്ഷിയുള്ളവര്‍ക്കാണ്. മന:സാക്ഷിക്കു വിരുദ്ധമായി മ്ലേഛമായി പ്രവര്‍ത്തിച്ചവര്‍ക്ക് എന്തു മന:സാക്ഷി. അന്നു മനസ്സാക്ഷിയെക്കുറിച്ചു പറഞ്ഞ ഉമ്മന്‍ ചാണ്ടിയെ മനസ്സാക്ഷിയുടെ പേരില്‍പ്പോലും പരിഹസിച്ചവരാണ് സി പി എം.

ഓര്‍ക്കണം, സരിതക്കേസ്സില്‍ പ്രതിപക്ഷം പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അന്ന് അന്വേഷണക്കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടുത്തി. നിയമസഭയ്ക്കകത്തും പുറത്തും കേട്ട എല്ലാ ആക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും മുഖമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി കൊടുത്തു. ഉമ്മന്‍ ചാണ്ടിക്ക് ഉമ്മന്‍ ചാണ്ടിയുടെ മനസ്സാക്ഷിയില്‍ വിശ്വാസമുണ്ടായിരുന്നു.

ഇന്നോ.

സ്വര്‍ണ്ണ കള്ളക്കടത്തും ഖജനാവ് കൊള്ളയും നടത്തുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുന്നുവെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മകന്റെയും പേരില്‍പ്പോലും വിശ്വാസയോഗ്യമായ അഴിമതി ആരോപണങ്ങളുണ്ട്. അതിനെക്കുറിച്ച് അന്വേഷിക്കുന്നതു പോകട്ടെ, ഒരക്ഷരം ഉരിയാടാന്‍ കൂടി ഇന്നത്തെ മുഖ്യമന്ത്രി തയ്യാറല്ല.

അതാണ് ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യനും പിണറായി വിജയനെന്ന കാരണ ഭൂതനും തമ്മിലുള്ള വ്യത്യാസം. ഉമ്മന്‍ ചാണ്ടി അന്നു പറഞ്ഞത് ശരിയായിരിക്കുന്നു. കാര്യങ്ങള്‍ അല്പാല്പമായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇവര്‍ക്ക് ദു:ഖിക്കേണ്ടിവരും എന്നു പറഞ്ഞത് ഇനിയും ബാക്കി. മനസ്സാക്ഷി എന്തെന്നറിയാത്ത പിണറായിക്കെന്തു ദു:ഖം.

എങ്കിലും മനസ്സാക്ഷിയുള്ളവര്‍ പതുക്കെ പതുക്കെ ഇതൊക്കെ പൊതു സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു പോകും എന്നുറപ്പാണ്. തത്വശാസ്ത്രത്തില്‍ വിശ്വസിച്ച് കമ്യൂണിസ്റ്റായവരുടെ പരമ്പര ഇനിയും അന്യംനിന്നു പോയിട്ടില്ല. അവരൊക്കെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ മിടുക്കും സത്യസന്ധതയും ധാര്‍മ്മികതയും. ഇപ്പോഴെങ്കിലും ആലോചിച്ചില്ലെങ്കില്‍ പിന്നെ എപ്പോള്‍ ആലോചിക്കാന്‍. കൂടെ ഇരിക്കാനും കൂടെ നടക്കാനുമൊക്കെ ലക്ഷങ്ങളും കോടികളും താരിഫ് റേറ്റില്‍ വാങ്ങുന്ന പിണറായി വിജയനും, കോടിക്കണക്കിന് മനുഷ്യര്‍ ഒന്നു കാണാന്‍ വന്നു പൊതിയുന്ന, പരാതി പറയുന്ന ഉമ്മന്‍ചാണ്ടിയും തമ്മിലാണ് പോരാട്ടം. നേരും നെറികേടും തമ്മിലാണ് മത്സരം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് തന്റെ ഓഫീസിലെത്തുമ്പോള്‍ തന്റെ കസേരയില്‍ ഒരു സ്ഥിരബുദ്ധിയില്ലാത്ത ഒരാള്‍ ഇരിക്കുന്നു. മുറിയിലേക്ക് കടന്നു വന്ന നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കണ്ട് അയാള്‍ ചോദിച്ചു: ആരാണ് നിങ്ങള്‍. അപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു: ഞാന്‍ ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിയാണ്, എന്റെ ഓഫീസാണിത്. ഉമ്മന്‍ ചാണ്ടി അയാളോട് ചോദിച്ചു: താങ്കള്‍ ആരാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു: ഞാനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെന്ന്. ഇതു കേട്ട് ചിരിച്ച ഉമ്മന്‍ചാണ്ടിക്കൊപ്പം ആ ദൃശ്യത്തിന് സാക്ഷിയായ മാധ്യമ പ്രവര്‍ത്തകരും ചിരിച്ചു പോയി. പിന്നീട് സെക്യൂരിറ്റി അയാളെ പിടിച്ചുകൊണ്ടു പോയെങ്കിലും, അയാളെ ഒന്നും ചെയ്യരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേകം പറഞ്ഞതിനും മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷിയാണ്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെയോ, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെയോ കാലത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടായെന്ന് കരുതുക. എന്തായിരിക്കും ആ സ്ഥിരബുദ്ധിയില്ലാത്ത മനുഷ്യനോട് സര്‍ക്കാരും പിണറായി വിജയനെന്ന മുഖ്യമന്ത്രിയും അവരുടെ പാര്‍ട്ടിയും ചെയ്യുക. അതാണ് ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ഉമ്മന്‍ചാണ്ടി ചെയ്തത് തന്റെ ഗണ്‍മാനെയും, പേഴ്‌സണല്‍ സ്റ്റാഫിനെയും പിരിച്ചു വിട്ടു. എന്നാല്‍, പിണറായി വിജയന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലൂടഎ നടന്ന സ്വര്‍ണ്ണക്കടത്തു മുതലുള്ള എല്ലാ പ്രശ്‌നങ്ങളിലും ഒരാളെയെങ്കിലും നടപടി എടുത്തതായി കേട്ടിട്ടുണ്ടോ. എന്‍.ഐ.എയും, കസ്റ്റംസും, കേന്ദ്ര ഏജന്‍സികളും സെക്രട്ടേറിയറ്റില്‍ കയറുമെന്ന് കണ്ടപ്പോള്‍ ഫയല്‍ കത്തിച്ചതല്ലേ കേരളം കണ്ടത്.

ഇപ്പോള്‍ വിദേശത്തേക്ക് പണപ്പിരിവിനായി പോകുന്നു. കേന്ദ്രത്തിനു മുമ്പില്‍ കടം വാങ്ങാനുള്ള പരിധി ഉയര്‍ത്തമണെന്ന് പറയുമ്പോഴും ധൂര്‍ത്തിനൊരു കുറവും വരുത്താതെയുള്ള ഭരണമാണ് നടത്തുന്നത്. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം തികഞ്ഞതിന്റെ ആഘോഷം മുതല്‍, ക്ലിഫ് ഹൗസിന്റെ മതിലിന്റെ പൊക്കം കൂട്ടല്‍, മന്ത്രിമാരുടെ വസതി മോടി പിടിപ്പിക്കല്‍, പുതിയ കാറു വാങ്ങല്‍ തുടങ്ങി ധൂര്‍ത്തിന്റെ പരകോടിയിലാണ് സര്‍ക്കാരും സംവിധാനങ്ങളും. ഇതിനിടയിലാണ് അമേരിക്ക വഴിയുള്ള ക്യൂബാ സന്ദര്‍ശനം. അമേരിക്കയില്‍ നിന്നും പിരിക്കുന്ന പണം ക്യൂബയ്ക്കു കൊടുക്കാനാണോ യാത്രയെന്ന് സംശിച്ചാല്‍ തെറ്റു പറയാനൊക്കില്ല. അത്രയും മോശമായ ഭരണത്തിനെ ന്യായീകരിക്കുന്നത് ഇവിടുത്തെ ഇടത് സൈബര്‍ പോരാളികള്‍ മാത്രമാണ്. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലൊരു മാനുഷിക മൂല്യമുള്ള മുഖ്യമന്ത്രിയെ കിട്ടാന്‍ പ്രയാസമാണ്. ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനും മാര്‍ക്കിട്ടാല്‍ പിണറായി വിജയന്റെ മാര്‍ക്ക് കോഴിമുട്ടയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

Leave a Reply

Your email address will not be published.

Previous post ഒഡീഷ ട്രെയിന്‍ അപകടം: രക്ഷാ പ്രവര്‍ത്തനം അവസാനിച്ചുവെന്ന് റെയില്‍വെ
Next post പ്രഗ്‌നൻസി കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം