
എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍; ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്ത്
കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലര്‍ച്ച നാലരയോടെ ഉണ്ടായത് വന്‍ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അല്‍പ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി. പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയും മുഴക്കം അനുഭവപ്പെട്ടിരുന്നു. ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാല്‍ക്കടവ് ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം കേട്ടത്.
ഭൂമിയുടെ ഉള്ളില്‍നിന്ന് തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും തുടര്‍ന്ന് കാലില്‍ തരിപ്പ് ഉണ്ടായെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. മുഴക്കം അനുഭവപ്പെട്ട മേഖലകളില്‍ ചൊവ്വാഴ്ച ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. മണിമല, കറുകച്ചാല്‍, എരുമേലി ഭാഗങ്ങളിലും കഴിഞ്ഞദിവസം അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി പറയുന്നു.
