രക്ഷാപ്രവർത്തനം ഊർജ്ജിതം, ഇപ്പോഴത്തെ ശ്രദ്ധ രക്ഷാപ്രവർത്തനത്തിൽ, എല്ലാ സഹായവും ലഭ്യമാക്കും: റെയില്‍വേ മന്ത്രി

 ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. അപകടത്തിലെ മരണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. ട്രെയിൻ ഗതാഗതം വേഗത്തിൽ പുന:സ്ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോൾ ഉചിതമാകില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അശ്വിനി വൈഷ്ണവ് വിശദമാക്കി.

ഇന്നലെ ഏഴ് മണിയോടെയാണ് ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തിൽ പെട്ടത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റുകയും, ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൌറ ട്രെയിൻ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒഡീഷയിലെ യശ്വന്ത്പൂർ-ഹൌറ എക്സ്പ്രെസിന്റെ നാല് ബോഗികളും പാളംതെറ്റുകയായിരുന്നു.

ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം. ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. 200 ലേറെ പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വർധിച്ചേക്കുമെന്നാണ് ഒഡീഷ സർക്കാരും അറിയിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. 

ഇതിനുള്ളിൽ മൃതദേഹമുണ്ടോയെന്നാണ് സംശയം. അപകടം നടന്നതിന് സമീപത്തായുളള 5 ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർക്ക് ചികിത്സ നല്കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  അപകടത്തിൽ പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം.അങ്ങനെയെങ്കിൽ ഇനിയും മരണസംഖ്യ ഉയർന്നേക്കും. 

Leave a Reply

Your email address will not be published.

Previous post കണ്ണൂരില്‍ ട്രെയിന്‍ തീവെപ്പ്: കസ്റ്റഡിയിലുള്ള പ്രതി തന്നെ
Next post 10 വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം, സിഗ്നൽ സംവിധാനം പാളിയത് വീഴ്ച