
കണ്ണൂരില്‍ ട്രെയിന്‍ തീവെപ്പ്: കസ്റ്റഡിയിലുള്ള പ്രതി തന്നെ
കണ്ണൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് ട്രെയിനില്‍ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് സ്ഥിരീകരണം. നാല്‍പ്പത് വയസ് പ്രായമുള്ള പ്രസൂണ്‍ ജിത് സിക്ദര്‍ എന്ന ബംഗാള്‍ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത വിശദീകരിച്ചു. കൊല്‍ക്കത്തില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ കുറച്ച് നാള് മുമ്ബാണ് കേരളത്തിലേക്ക് എത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ മൂന്ന് ദിവസം മുമ്ബാണ് തലശ്ശേരിയില്‍ നിന്നും കാല്‍നടയായി കണ്ണൂരിലേക്ക് എത്തിയത്. ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി മൊഴി നല്‍കിയത്. ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇയാളുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ഇതില്‍ പ്രതി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. സ്ഥിരമായി ബീഡി വലിക്കുന്ന പ്രതി തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. ഒരാള്‍ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പരിശോധിച്ച് വരികയാണെന്നും ഉത്തര മേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത വിശദീകരിച്ചു. പ്രതി നല്കിയ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനും കൂടുതല്‍ അന്വേഷണത്തിനുമായി കേരളാ പൊലീസിന്റെ ഒരു സംഘം കൊല്‍ക്കത്തയിലുണ്ടെന്നും പൊലീസ് അറിയിച്ചു.