പരിശീലനകേന്ദ്രങ്ങളിലും അന്താരാഷ്ട്രവേദികളിലും വെച്ച് ലൈംഗികാതിക്രമം നടത്തി’;ബ്രിജ് ഭൂഷനെതിരെ 2 എഫ്ഐആർ

ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. ലൈംഗിക ചൂഷണത്തിന് ബ്രിജ്ഭൂഷണ്‍ ശ്രമിച്ചു എന്നാണ് എഫ്.ഐ.ആര്‍. ബലാത്സംഗശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ ചുമത്തിയത്. എന്നാല്‍, ആരോപണങ്ങള്‍ വ്യാജമാണെന്നും താന്‍ വേട്ടയാടപ്പെടുകയാണെന്നുമുള്ള വാദം ഇപ്പോഴും തുടരുകയാണ് ബ്രിജ്ഭൂഷണ്‍. രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ്ഭൂഷണെതിരെയുള്ളത്.

ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പടെ ഏഴു പേര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ലൈംഗികാതിക്രമം നേരിട്ട താരങ്ങളുടെ നേരത്തെ പുറത്തുവന്ന മൊഴിയിലും ഇതേ വിവരങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 354 സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, വകുപ്പ് 354 എ ലൈംഗിക ചൂഷണം തുടങ്ങിയവ പ്രകാരമാണ് കേസ്.

അതിനിടെ, സമരവുമായി ശക്തമായി മുന്നോട്ടുപോകുകയാണ് ഗുസ്തി താരങ്ങള്‍. കുരുക്ഷേത്രയില്‍ ചേരുന്ന രണ്ടാമത്തെ ഖാപ് പഞ്ചായത്തില്‍ തുടര്‍നടപടികളെ കുറിച്ചുള്ള അന്തിമതീരുമാനമെടുക്കും എന്നാണ് ഗുസ്തി താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. കര്‍ഷക നേതാവ് രാജേഷ് ടികായത്ത് ഉള്‍പ്പടെയുള്ളവര്‍ പഞ്ചായത്തില്‍ പങ്കെടുക്കും.

അതിനിടെ, നിയമനടപടികളെ തുടര്‍ന്ന് ബ്രിജ്ഭൂഷണ്‍ അയോധ്യയില്‍ സംഘടിപ്പിക്കാനൊരുങ്ങിയ റാലി മാറ്റിവെച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ പോലീസ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ റാലി മാറ്റിവെക്കുകയാണന്നാണ് ബ്രിജ്ഭൂഷന്റെ വിശദീകരണം. ‘സന്യാസിമാരുടെ അനുഗ്രഹത്തോടെ’ തിങ്കളാഴ്ച റാലി നടത്തുമെന്നായിരുന്നു ബ്രിജ്ഭൂഷണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Leave a Reply

Your email address will not be published.

Previous post കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മക്ക് ജാമ്യമില്ല
Next post റബറിന് 300 രൂപ തറവിലയാക്കണം; സിപിഎം കര്‍ഷകസംഘടന പ്രക്ഷോഭത്തിന്