തോട്ടം തൊഴിലാളികകള്‍ക്ക് 41 രൂപ വേതന വര്‍ധനവ്; തൊഴില്‍ പ്രശ്ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്നളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പുറമേ തൊഴില്‍ ക്ഷമതയും ഇന്‍സെന്റീവുമടക്കമുള്ള കാര്യങ്ങളും കമ്മിറ്റി വിലയിരുത്തും. തൊഴിലാളി തൊഴിലുടമാ പ്രതിനിധികള്‍ അംഗങ്ങളും അഡീ ലേബര്‍ കമ്മിഷണര്‍ ( ഐ ആര്‍) കണ്‍വീനറുമായ കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തെ അടിസ്ഥാനശമ്പളത്തിനൊപ്പം 41 രൂപയുടെ വര്‍ധനവ് വരുത്താന്‍ യോഗത്തില്‍ തീരുമാനമായി.

2023 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധനവ് നടപ്പിലാക്കും. തൊഴിലാളികളുടെ സര്‍വീസ് കാലയളവനുസരിച്ച് നിലവിലുള്ള സര്‍വീസ് വെയിറ്റേജില്‍ 55 മുതല്‍ 115 പൈസ വരെ വര്‍ധിപ്പിക്കാനും തീരുമാനമായി.
തോട്ടം മേഖല തൊഴിലാളികള്‍ക്കും തോട്ടമുടമകള്‍ക്കും ഒരു പോലെ പ്രയോജനകരമാം വിധം കൂടുതല്‍ ഉണര്‍വ്വോടെ പ്രവര്‍ത്തിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണമടക്കം വിപണി സാധ്യതകള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍തലത്തില്‍ പ്രായോഗികമായ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളും സാധ്യതകളും ചര്‍ച്ചചെയ്യുന്നതിനും കണ്ടെത്തുന്നതിനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള പ്ലാന്റേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അടുത്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുന്നതിനും വകുപ്പ്തല സംയോജന പ്രവര്‍ത്തനങ്ങളിലൂടെ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനുമുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റ് ലയം ഹാളില്‍ നടന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ, ലേബര്‍ കമ്മിഷണര്‍ ഡോ കെ വാസുകി, അഡീ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാല്‍, ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ സിന്ധു തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ എസ് ജയമോഹന്‍, പി എസ് രാജന്‍ ( സി ഐ ടി യു) പി ജെ ജോയ്, എ കെ മണി( ഐ എന്‍ ടി യുസി), പി കെ മൂര്‍ത്തി ( എ ഐ ടി യുസി), എന്‍ പി ശശിധരന്‍ (ബി എം എസ്) ടി ഹംസ( എസ് ടി യു), അഡ്വ മാത്യു ജേക്കബ് ( എ്ച്ച് എം എസ്) ജി ബേബി (യു ടി യു സി)മാനേജ്മെന്റ് പ്രതിനിധികളായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള ചെയര്‍മാന്‍ എസ് ബി പ്രഭാകര്‍, പ്രിന്‍സ് തോമസ് ജോര്‍ജ്ജ് , ബി പി കരിയപ്പ, അജയ് ജോണ്‍ ജോര്‍ജ്ജ്,ചെറിയാന്‍ എം ജോര്‍ജ്ജ്, അനില്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു, സാങ്കേതിക തകരാർ പരിഹരിക്കാനെന്ന് ഭക്ഷ്യവകുപ്പ് 
Next post മഴയെത്താറായി, കരുതിയിരിക്കുക