
വൃത്തിയുള്ള വേഷം ധരിച്ചു: ദളിത് യുവാവിനും അമ്മയ്ക്കും മര്‍ദ്ദനം
നന്നായി വസ്ത്രം ധരിച്ചതിന് താഴ്ന്ന ജാതിക്കാരനെ മര്‍ദ്ദിച്ചവശനാക്കി. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് ഒരുകൂട്ടം സവര്‍ണരുടെ നേതൃത്വത്തില്‍ കൊടുംക്രൂരത അരങ്ങേറിയത്. മകനെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും മര്‍ദ്ദനമേറ്റു. ഇനിയും ഇത്തരത്തില്‍ വസ്ത്രംധരിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ജിഗര്‍ ഷെഖാലിയ എന്ന യുവാവ് രാവിലെ വൃത്തിയുള്ള വസ്ത്രവും സണ്‍ഗ്ളാസും ധരിച്ച് വീട്ടിന് മുന്നില്‍ നിന്നതാണ് പ്രകോപനത്തിന് കാരണം.
രാത്രി യുവാവ് ക്ഷേത്രത്തിന് സമീപത്ത് നില്‍ക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. വടികളും ആയുധങ്ങളുമായി എത്തിയ അക്രമികള്‍ എന്തിനാണ് നന്നായി വസ്ത്രംധരിച്ചതെന്നും സണ്‍ഗ്ളാസ് ധരിച്ചതെന്നും ചോദിച്ചു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. അടിയേറ്റ് വീണ യുവാവിനെ വഴിച്ചിഴയ്ക്കുകയും ചെയ്തു. ഇതുകണ്ട് മകനെ രക്ഷിക്കാനെത്തിയ അമ്മയെയും സംഘം മര്‍ദ്ദിച്ചു. ഇനിയും ഇത്തരത്തില്‍ വസ്ത്രംധരിച്ചാല്‍ രണ്ടുപേരെയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. പരിക്കേറ്റ യുവാവും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ് പരാതിയെത്തുടര്‍ന്ന് കേസെടുത്തെങ്കിലും ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ഏഴുപേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.