രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയിലെറിയും’; ഇനി നിരാഹാര സമരം

പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങള്‍. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.

”ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റില്‍ ഞങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും”- ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞു. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.

ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ ജന്തര്‍മന്തറില്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേര്‍ത്തു ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലന്‍സ് കോടതി തള്ളി
Next post കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഒരു യാത്രക്കാരിക്ക് കൂടി പുനര്‍ജന്മം.