മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലന്‍സ് കോടതി തള്ളി

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജ്യോതികുമാര്‍ ചാമക്കാലയുടേതാണ് പരാതി

കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചതായും, മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത പരാതി കോടതി തള്ളി. വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള പരാതി പരിഗണിക്കുന്നതിന് ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ്ഹാജരാക്കേണ്ടതുകൊണ്ട് ജ്യോതി കുമാര്‍, മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഗവര്‍ണര്‍ അപേക്ഷയിന്മേല്‍ നടപടി സ്വീകരിക്കാത്ത കൊണ്ട് പരാതിക്കാരന് പ്രോസിക്യൂഷന്‍ അനുവാദം കോടതിയില്‍ ഹാജരാക്കാന്‍ ആയില്ല.

തന്റെ കര്‍മ്മ മണ്ഡലമായ കണ്ണൂര്‍ ജില്ലയിലെ സര്‍വ്വകലാശാലയുടെ വിസിയായി ഡോ:ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായുള്ള ഗവര്‍ണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവര്‍ണര്‍ തന്നെ പുറത്തുവിട്ട മുഖ്യമന്ത്രിയുടെ കത്തുകളും പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനവും സ്വജന പക്ഷപാതവും ആണെന്നും,മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതി നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നും വിസി നിയമനത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും വിസി നിയമനം ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചതാണെന്നും

അതുകൊണ്ട് പരാതി തള്ളിക്കളയണമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഗോപിനാഥ് രവീന്ദ്രനെ വിസി യായി നിയമിക്കുന്നത് കൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് പരാതിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിയമനം ലഭിച്ച ഗോപിനാഥ് രവീന്ദ്രനെ കേസില്‍ പരാതിക്കാരന്‍ കക്ഷിയാക്കിയിട്ടില്ലെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. വിധി ന്യായത്തിന്റെപകര്‍പ്പ് ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published.

Previous post കുത്തുപാളയെടുത്ത് കേരളം: അമേരിക്കന്‍ പര്യടനത്തിന്റെ ലഹരിയില്‍ മുഖ്യമന്ത്രിയും സംഘവും
Next post രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയിലെറിയും’; ഇനി നിരാഹാര സമരം