
തേക്കടിയില്‍ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു
തേക്കടിയില്‍ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. ഡിവിഷണല്‍ ഓഫീസിലെ ക്ലര്‍ക്ക് റോബി വര്‍ഗീസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ട് ലാന്‍ഡിംഗിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ വീണു. ഇതിനിടയില്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്.റോബിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കട്ടപ്പന നരിയംപാറ സ്വദേശിയാണ് റോബി വര്‍ഗീസ്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രഭാത സവാരിയും സൈക്കില്‍ സവാരിയും നിരോധിച്ചു.