
അരിക്കൊമ്പന്റെ അക്രമണത്തില്‍ പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു
അരിക്കൊമ്പന്റെ അക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി പാല്‍രാജ് മരിച്ചു. ശനിയാഴ്ച കമ്പത്ത് അരികൊമ്പന് നടത്തിയ ആക്രമണത്തിലായിരുന്നു ഇയാള്‍ക്ക് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരനായിരുന്ന പാല്‍രാജ്, ആനയുടെ ആക്രമണത്തിനിടെ ബൈക്കില്‍ നിന്നു വീണിരുന്നു. വീഴ്ചയില്‍ തലയില്‍ സാരമായ പരിക്കേറ്റ ഇയാള്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മരിച്ചത്. തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പന് ഇപ്പോള്‍ ഷണ്മുഖ ഡാമിനടുത്തേക്ക് എത്തിയിട്ടുണ്ട്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചത്. വനംവകുപ്പ് അരിക്കൊമ്പന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കമ്പത്തു നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് ഷണ്മുഖ ഡാം ഉള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി മാറ്റിയിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ ആവാസവ്യവസ്ഥയോട് ആനയ്ക്ക് പൊരുത്തപ്പെടാനായിട്ടില്ല.