കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തി ഡല്‍ഹി പോലീസ്

ബ്രിജ്ഭൂഷണെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനടുത്തേക് പ്രതിഷേധം നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കലാപശ്രമം അടക്കമുള്ള വകുപ്പുകളാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍,സ്വമേധയാ മുറിവേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി സെക്ഷന്‍ 147,149,186,188,332, 353, പബ്ലിക് പ്രോപര്‍ട്ടി ആക്ടിലെ വകുപ്പ് 3 എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പുതിയ ചരിത്രം രേഖപ്പെടുത്തിയെന്ന് കേസിനെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് പ്രതികരിച്ചു. ലൈംഗികാരോപണക്കേസില്‍ ബ്രിജ്ഭൂഷണെതിരെ കേസെടുക്കാന്‍ പോലീസ് ഏഴു ദിവസമെടുത്തെങ്കില്‍ സമാധാനപരമായി സമരം ചെയ്ത ഞങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഏഴു മണിക്കൂര്‍ പോലും പോലീസിനു വേണ്ടി വന്നില്ല. രാജ്യത്തിനു വേണ്ടി മെഡലുകള്‍ വാങ്ങിക്കൂട്ടിയ കായികതാരങ്ങളോട് ഇന്ത്യ എങ്ങനെയാണ് പെരുമാറുന്നതെന്ന് ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് വീണു പോകുകയാണോയെന്നും വിനേഷ് ചോദിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ജന്തര്‍മന്തറിലെ ഗുസ്തി താരങ്ങളുടെ ടെന്റ് കഴിഞ്ഞദിവസം പോലീസ് പൊളിച്ചു നീക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous post എ.ഐ ക്യാമറ വിവാദം: നുണക്കഥകളുടെ ആയുസൊടുങ്ങിയെന്ന് എം.വി ഗോവിന്ദന്‍
Next post പട്ടികജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഷ്‌കരിച്ചു; 15 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ അനുമതി