കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലെടുക്കുന്നവരുടെ ഐക്യം ശക്തിപ്പെടണം ഇ.പി.ജയരാജന്‍

രാജ്യത്തെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് ശക്തിയാണെന്നും അതിനെതിരെ രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്നും അഖിലേന്ത്യ കിസാന്‍സഭ വൈസ് പ്രസിഡന്റ് ഇ.പി.ജയരാജന്‍ പറഞ്ഞു. ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരികയാണ്. തൊഴിലില്ലായ്മ, വരുമാന ശോഷണം, വ്യവസായ തകര്‍ച്ച, തുടങ്ങിയവ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക മേഖല പോലും പുതിയ പ്രതിസന്ധികളെ നേരിടുകയാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയുന്നു. കൃഷിക്കാര്‍ അസ്വസ്ഥരാണ്. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കൃഷി ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിച്ച് കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖല കൈയ്യടക്കുകയാണ്.

എന്ത് ഉല്‍പ്പാദിപ്പിക്കണമെന്നും, എന്ത് വില നിശ്ചയിക്കണമെന്നും തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. പദ്ധതികള്‍ പോലും ആസൂത്രണം ചെയ്യുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബാങ്കിംഗ് മേഖല തകര്‍ച്ച നേരിടുന്നു. സമ്പത്ത് രാജ്യത്തിന്റെ പൊതു താല്‍പ്പര്യത്തിന് ഉപയോഗിക്കുന്നില്ല. അയഥാര്‍ത്ഥ കണക്കുകള്‍ കാണിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്ന് പ്രചരിപ്പിക്കുന്നു. തൊഴിലാളികളും, കൃഷിക്കാരും, ജീവനക്കാരും തമ്മിലുള്ള ഐക്യത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ തൊഴിലാളികളുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോ ഴും, കേരളം മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ എല്ലാ സേവന ആനുകൂല്യങ്ങളും നല്‍കിവരുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട്, നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്, കെ.എസ്.എസ്.പി.യു ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസര്‍, എന്‍.എഫ്.പി.ഇ സംസ്ഥാന സെക്രട്ടറി ആര്‍. എസ് സുരേഷ് കുമാര്‍, ബെഫി ജനറല്‍ സെക്രട്ടറി സനില്‍ ബാബു, കെ.എസ്.ഇ.എ സംസ്ഥാന സെക്രട്ടറി പുത്തനമ്പലം ശ്രീകുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി ഹരിലാല്‍, എ.ഐ.ഐ.ഇ.എ സോണല്‍ ജോയിന്റ് സെക്രട്ടറി ഐ. കെ. ബിജു, കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ, കെ.പി. എസ്.സി.ഇ.യു ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, കെ.എല്‍.എസ്.എസ്.എ ജനറല്‍ സെക്രട്ടറി പി.സതികുമാര്‍, എ.കെ.ജി.സി.ടി സംസ്ഥാന സെക്രട്ടറി ഡോ.വിനു ഭാസ്‌കര്‍, എന്‍.ജി.ഒ. ഫ്രണ്ട് ജനറല്‍ സെക്രട്ടറി അശ്വനി കുമാര്‍.എസ്, ഇ.ടി.സി പ്രസിഡന്റ് അജിത് കടയ്ക്കാവൂര്‍, എന്‍.ജി.ഇ.എ ജനറല്‍ സെക്രട്ടറി സ്‌കറിയാ വര്‍ഗ്ഗീസ്, എന്‍.ജി.ഒ അസോസിയേഷന്‍ (എസ്) പ്രസിഡന്റ് കെ.വി.ഗിരീഷ്, എന്‍.ജി.ഒ. സെന്റര്‍ സംസ്ഥാന സെക്രട്ടറി എസ്. സുനില്‍കുമാര്‍, കെ.എന്‍.ടി.ഇ.ഒ സംസ്ഥാന സെക്രട്ടറി വൈ. ഓസ്‌ബോണ്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ വി.കെ.ഷീജ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous post പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നായതിനാല്‍ ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയെന്ന് ഇ.പി ജയരാജന്‍
Next post ടൈറ്റില്‍: KSRTC എം.ഡി ബിജു പ്രഭാകറിനെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രി (എക്‌സ്‌ക്ലൂസീവ്)