
പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തി ആര്‍.ജെ.ഡി
കേസെടുക്കണമെന്ന് സുശീല്‍ മോദി
പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യപ്പെടുത്തികൊണ്ട് ട്വീറ്റ് ചെയ്ത് ആര്‍.ജെ.ഡി. പുതിയ പാര്‍ലമെന്റിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി എന്താണിതെന്ന് ചോദിച്ചായിരുന്നു ആര്‍ജെഡിയുടെ ട്വീറ്റ്. ഈ സംഭവത്തില്‍ ആര്‍ജെഡിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദി ആവശ്യപ്പെട്ടു.


കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തതെന്ന് ആര്‍ജെഡി ലീഡര്‍ ശക്തിസിങ് യാദവ് വ്യതമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ അനുവദിക്കില്ലെന്നും ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കുള്ള ഇടമാണെന്നും അദ്ദേഹം അറിയിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് ആര്‍ജെഡി ട്വീറ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രപതിയെ ഒഴിവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.