
വൈറ്റ് ഹൗസിനെ വെല്ലുന്ന സുരക്ഷയോടെ ഇന്ത്യയുടെ സെന്‍ട്രല്‍ വിസ്റ്റ
അമേരിക്കന്‍ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിനെ വെല്ലുന്ന സുരക്ഷയോടെ ഇന്ത്യയുടെ അഭിമാനമായി സെന്‍ട്രല്‍ വിസ്റ്റ. ഈ മാസം 28ന് സമര്‍പ്പിക്കപ്പെടുമ്പോള്‍ ലോകം, ഇന്ത്യയ്ക്കു മുമ്പില്‍ തലകുനിക്കും. പഴയ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമാകുന്നതോടെ പുതിയ സെന്‍ട്രല്‍ വിസ്റ്റയുടെ വിസ്മയങ്ങളാകും ചര്‍ച്ചയാവുക. സെന്‍ട്രല്‍ വിസ്റ്റയുടെ സുരക്ഷ, ലോകോത്തര മാതൃകയിലാണ്. ആറ്റംബോംബിട്ടാലും തകരാത്ത ഉള്‍വശമാണ് സെന്‍ട്രല്‍ വിസ്റ്റയുടേത്. യുദ്ധമുണ്ടായാല്പ്പോലും എം.പിമാര്‍ക്ക് സുരക്ഷിതമാകാന്‍ ബങ്കറുകളും ബുള്ളറ്റ് പ്രൂഫ് റൂമുകളും, പ്രധാനമന്ത്രിക്ക് തന്റെ ഔദ്യോഗിക വസതിതിയിലേക്കു പോകാന്‍ ഭൂഗര്‍ഭ തുരങ്കം എന്നിവയുണ്ടെന്നാണ് സൂചന. ഇതെല്ലാം സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നവയാണ്. രാജ്യത്തെ ഞെട്ടിച്ച തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷയുടെ മാനദണ്ഡങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആക്കം കൂട്ടിയത്.

പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ 2001ലെ ഭീകരാക്രമണത്തിനു മുന്‍പും ശേഷവുമെന്നു രണ്ടായി തിരിക്കണം. 2001 ഡിസംബര്‍ 13ന് ഉച്ചയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം. പാര്‍ലമെന്റ് വളപ്പില്‍ കാറിലെത്തി ആക്രമണം നടത്തിയതു ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയിബ ഭീകരരാണ്. മന്ദിരത്തിനുള്ളിലേക്കു കടക്കുംമുന്‍പ് 5 ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. പ്രത്യാക്രമണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 9 പേര് രക്തസാക്ഷികളായി. പതിനഞ്ചിലേറെപ്പേര്‍ക്കു പരുക്കേറ്റു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുകയായിരുന്നു അപ്പോള്‍. അന്നത്തെ ഉപരാഷ്ട്രപതി കൃഷന് കാന്തും ആഭ്യന്തരമന്ത്രി എല്‍.കെ.അഡ്വാനിയും അടക്കമുള്ളവര്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. അതിനുശേഷം പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കി. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചു. സന്ദര്‍ശകരുടെ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിച്ചേ ഇപ്പോള്‍ കടത്തിവിടൂ.

അതേസമയം, സെന്‍ട്രല്‍ വിസ്റ്റായുടെ നര്‍മാണം തുടങ്ങുന്നതിനു മുന്‍പേ ആരംഭിച്ച വിവാദങ്ങള്‍ ഉദ്ഘാടനവേളയിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിടാതെ പിന്തുടരുന്നുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരവും സെന്‍ട്രല്‍ സെക്രട്ടേറിയറ്റും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്കു കോവിഡ്കാലത്ത് 20,000 കോടി രൂപ ചെലവിടുന്നത് ധൂര്‍ത്തല്ലേ എന്നതായിരുന്നു ആദ്യചോദ്യം. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് ഹൗസ് നിര്‍മ്മിക്കുന്നത്. ഈ കെട്ടിടത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു വലിയ ഭരണഘടനാ ഹാള്‍ ഉണ്ടായിരിക്കും, കൂടാതെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, നിരവധി കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയകള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവയും ഉണ്ടായിരിക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി 2022 നവംബര്‍ ആയിരുന്നു.
മെയ് 28 ഞായറാഴ്ച പ്രധാനമന്ത്രിയാണ് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുക. എന്നാല്‍, പ്രസിഡന്റ് ദ്രൗപതി മുര്‍മു ഉദ്ഘാടകനാകണമെന്ന് സുപ്രീംകോര്‍ട്ടില്‍ ഹര്‍ജി വന്നെങ്കിലും അത് പാടെ തള്ളുകയായിരുന്നു. അതോസമയം,
സെന്‍ട്രല്‍ വിസ്റ്റായുടെ ഉദ്ഘാടനത്തില്‍ നിന്നും കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂല്‍ കോണ്ഗ്രസുമുള്പ്പടെ ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കും. ഇതൊന്നും, പുതിയ സംവിധാനത്തെ ബാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമെന്ന നിലയില്‍ ഇറക്കുന്നതാണ് ഈ നാണയം. നാണയത്തിന്റെ ഒരുവശത്ത് അശോക സ്തംഭവും താഴെ ‘സത്യമേവ ജയതേ’ എന്നെഴുതിയിരിക്കും.

ദേവനാഗരി ഭാഷയില്‍ ഭാരത് എന്ന് ഇടത് വശത്തും ഇന്ത്യ എന്ന് ഇംഗ്ലിഷില്‍ വലത് വശത്തും രേഖപ്പെടുത്തും. രൂപയുടെ ചിഹ്നം നാണയത്തിലുണ്ടാകുമെന്നും റോമന്‍ അക്കത്തില്‍ 75 രൂപയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. നാണയത്തിന്റെ മറുപുറം പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമായിരിക്കും. സന്‍സദ് സന്കുര് എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും പാര്‍ലമെന്റ് സമുച്ചയമെന്ന് ഇംഗ്ലിഷില്‍ ചുവടെയും രേഖപ്പെടുത്തും. വൃത്താകൃതിയിലുള്ള നാണയത്തിന് 35 ഗ്രാം ആണ് ഭാരം. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ് നാണയം നിര്‍മിക്കുക.
കോവിഡ് രൂക്ഷമായിരുന്ന കാലത്താണ് സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മ്മാണങ്ങളേറെയും നടന്നത്. അന്ന് തൊഴിലാളികളുടെ സുരക്ഷപോലും കണക്കിലെടുക്കാതെയുള്ള സര്‍ക്കാരിന്റെ പൊങ്ങച്ച പദ്ധതിയായി ഇതു വിശേഷിപ്പിക്കപ്പെട്ടിരുന്നു. നിര്‍മാണം പുരോഗമിക്കുന്നതിനിടെ പാര്‍ലമെന്റിനു മുകളില്‍ അശോകസ്തംഭം സ്ഥാപിക്കുന്നതു സംബന്ധിച്ചായിരുന്നു മറ്റൊരു വിവാദം. സാരാനാഥിലെ സിംഹങ്ങളുടെ യഥാര്‍ഥ രൂപമല്ല, രൗദ്രഭാവമുള്ള സിംഹങ്ങളാണു സ്തംഭത്തിലുള്ളതെന്നായിരുന്നു ആരോപണം. കേന്ദ്രം പിന്നാക്കം പോയില്ല. അതു രാഷ്ട്രപതിയെക്കൊണ്ട് അനാഛാദനം ചെയ്യിക്കാതെ പ്രധാനമന്ത്രി അനാഛാദനം ചെയ്തതിനെതിരെ ചില കേന്ദ്രങ്ങള്‍ പരാതി ഉന്നയിച്ചെങ്കിലും കാര്യമായി ആരും ഏറ്റുപിടിച്ചില്ല. പുതിയ മന്ദിരത്തിലേക്കു പാര്‍ലമെന്റ് ചേക്കേറുമ്പോള്‍, പിന്നിലായുള്ള പഴയ മന്ദിരത്തില്‍ എംപിമാര്‍ ഏറെ സ്നേഹിക്കുന്നൊരിടമുണ്ട് – സെന്‍ട്രല്‍ ഹാള്‍. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അവര്‍ ഒന്നിച്ചിരുന്നു സൗഹൃദം പങ്കിട്ട ഇടം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കും പ്രവേശനം അനുവദിച്ചിരുന്ന സെന്‍ട്രല്‍ ഹാള്‍, പലവഴി ഒഴുകിയെത്തിയ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സംഗമവേദി കൂടിയായിരുന്നു.

പിഎം @ സെന്‍ട്രല്‍ ഹാള്‍:
1957 മുതല്‍ അര നൂറ്റാണ്ടോളം കാലം പാര്‍ലമെന്റിലെ പരിചിത മുഖങ്ങളിലൊന്നായിരുന്നു എ.ബി. വാജ്പേയ്. ആദ്യം ജനസംഘത്തിലും ഇടക്കാലത്തു ജനതയിലും പിന്നീട് ബിജെപിയിലുമായിരിക്കുമ്പോഴെല്ലാം കക്ഷിഭേദമെന്യേ എല്ലാവരുമായും സൗഹൃദം പങ്കുവച്ച നേതാവ്. പ്രധാനമന്ത്രിയായശേഷവും സെന്‍ട്രല്‍ ഹാളിലെത്തി എല്ലാവരുമായും കുശലം പങ്കിടുന്ന വാജ്പേയ് ഇന്നത്തെ മുതിര്‍ന്ന അംഗങ്ങളുടെ ഓര്‍മയിലുണ്ട്.
യച്ചൂരി കോര്‍ണര്‍:
ഹാളിനോടു ചേര്‍ന്നുള്ള ചെറിയ മുറിക്ക് എംപിമാര്‍ക്കിടയിലെ വിളിപ്പേരാണിത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പുകവലിച്ചിരുന്ന സ്ഥലം. എംപിയായിരിക്കെ, സമ്മേളന ഇടവേളകളില്‍ യച്ചൂരി ഇവിടേക്കെത്തും. ചുണ്ടിലെരിയുന്ന സിഗരറ്റുമായി പല നേതാക്കളും ഒപ്പം ചേരും. ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുകൂടി തീ കൊളുത്തുകയായി.
പവാര്‍ പൊസിഷന്‍:
സെന്‍ട്രല്‍ ഹാളില്‍ ദേശീയ നേതാക്കള്‍ പതിവായി ഇരിക്കുന്ന സ്ഥലങ്ങളുണ്ട്. അവരുടെ പേരിലാണ് ആ സീറ്റുകള്‍ അറിയപ്പെടുന്നത്. അതിലൊന്നാണ് പവാര്‍ പൊസിഷന്‍; ഹാളിന്റെ മുന്‍നിരയിലായി വലതുവശത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പതിവായി ഇരിക്കുന്ന സ്ഥലം.

മൂപ്പനാരും ബ്രെഡ് ടോസ്റ്റും:
ലോക്സഭയില്‍നിന്നു സെന്‍ട്രല്‍ ഹാളിലേക്കുള്ള കവാടം കടന്നെത്തുമ്പോള്‍ ഇടതുവശത്തുള്ള ആദ്യ വരികളിലൊന്നിലായിരുന്നു കോണ്‍ഗ്രസ് നേതാവ് ജി.കെ.മൂപ്പനാരുടെ പതിവു സീറ്റ്. ഇരിപ്പുറപ്പിച്ച് രാഷ്ട്രീയ ചര്‍ച്ചകളിലേക്കു കടക്കുംമുന്‍പ് അദ്ദേഹത്തിനൊരു പതിവുണ്ടായിരുന്നു – തൊട്ടടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍നിന്നു ചൂടുകാപ്പിയും ബ്രെഡ് ടോസ്റ്റും ഓര്‍ഡര്‍ ചെയ്യുക. ചര്‍ച്ചകളില്‍ ഒപ്പം ചേരുന്നവര്‍ക്കും മൂപ്പനാരുടെ വക ബ്രെഡ് ടോസ്റ്റ്.
ലീഡറുടെ വാര് റൂം:
ലോക്സഭയിലെയും രാജ്യസഭയിലെയും ഭരണപക്ഷ, പ്രതിപക്ഷ പോരാട്ടങ്ങളുടെ അണിയറ നീക്കങ്ങള്‍ പതിവായി നടന്നിരുന്നത് സെന്‍ട്രല്‍ ഹാളിലാണ്. 1991ലെ പി.വി.നരസിംഹറാവു സര്‍ക്കാരിന് ആദ്യകാലത്തു സ്വന്തം നിലയ്ക്കു ഭൂരിപക്ഷമില്ലായിരുന്നു. അങ്ങനെയിരിക്കെ അവിശ്വാസ പ്രമേയം. കെ.കരുണാകരന് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഹാള്‍ കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍. അതു ഫലം കണ്ടു; അവിശ്വാസത്തെ റാവു സര്‍ക്കാര്‍ അതിജീവിച്ചു.

പിണക്കം മാറ്റാന്‍ ജൂസ്:
സഭയില്‍ നടുത്തളത്തിലിറങ്ങി പരസ്പരം മുദ്രാവാക്യം വിളിച്ചും ആക്രോശിച്ചും പോരടിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ സെന്‍ട്രല്‍ ഹാളിലെത്തിയാല്‍ പിണക്കം മറക്കും. സഭയില്‍ പരസ്പരം കടിച്ചുകീറാന്‍ നില്ക്കുന്നവര് സെന്‍ട്രല്‍ ഹാളില്‍ ഒന്നിച്ചിരിക്കും. ലസ്സിയും മുസംബി ജൂസുമൊക്കെയായി സഭയിലെ പോരാട്ടത്തിന്റെ ചൂടു തണുപ്പിക്കും