ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളില്‍ മിന്നല്‍ റെയ്ഡ്; പലയിടത്തും കൃത്രിമം കണ്ടെത്തി

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമില്‍ ഗതാഗത കമ്മീഷണര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. വില്‍ക്കുന്ന സ്‌കൂട്ടറുകളില്‍ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 1000 വാട്ടിന് അടുത്ത് പവര്‍ കൂട്ടി വില്‍പ്പന നടത്തുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 11 ഷോ റോമുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വാഹനങ്ങളില്‍ കൃത്രിമം കണ്ടെത്തി. ഏത് ഘട്ടത്തില്‍ ആണ് വാഹനങ്ങളില്‍ കൃത്രിമം വരുത്തിയതെന്ന് കണ്ടെത്താന്‍ പോലീസ് സഹായം വേണമെന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ പറഞ്ഞു.

ലൈസന്‍സ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്‌കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങള്‍ കൊച്ചി നഗരത്തില്‍ 48 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷനും ആവശ്യമില്ല. ഇത് ഓടിക്കാന്‍ ലൈസന്‍സും ആവശ്യമില്ല. ഇത്തരം വാഹനങ്ങള്‍ അപകടമുണ്ടാക്കിയാല്‍ കേസെടുക്കാന്‍ പൊലീസിനും സാധിക്കില്ല. ഇത്തരത്തില്‍ വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയില്‍: പ്രതിഷേധിച്ച് യാത്രക്കാര്‍
Next post അരിക്കൊമ്പനെ മയക്കുവെടിവെക്കും; ഉള്‍ക്കാട്ടില്‍ തുറന്നുവിടും, ജനം പുറത്തിറങ്ങരുതെന്ന് പൊലീസ്