സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികള്‍, അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

Leave a Reply

Your email address will not be published.

Previous post വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു; പ്രതികള്‍ പിടിയില്‍
Next post ഹോട്ടലുടമയുടെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍; മൃതദേഹം കണ്ടെത്തിയത് അഗളി ചുരത്തിലെ കൊക്കയില്‍