
വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു; പ്രതികള്‍ പിടിയില്‍
തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കിമുറിച്ച് ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന്. തിരൂര്‍ സ്വദേശി ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് സംഭവത്തില്‍ പിടിയിലായിരിക്കുന്നത്.
പ്രതികളെ ചെന്നൈയില്‍ വെച്ച് തമിഴ്നാട് പൊലീസാണ്

കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. പ്രതികള്‍ ഇന്നലെ മുതല്‍ ഒളിവില്‍ ആയിരുന്നു. ഷിബിലിന് 22 വയസ്സും ഫര്‍ഹാനയ്ക്ക് 18 വയസുമാണ് പ്രായം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ധിഖിനെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന വിവരം.
സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തില്‍ തുമ്പുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതികള്‍ മൃതദേഹം തള്ളിയെന്ന് പറയുന്ന അഗളിയില്‍ നാളെ മലപ്പുറം എസ്പി നേരിട്ടെത്തും. പൊലീസ് പ്രദേശത്ത് വിശദമായ തെരച്ചില്‍ നടത്തുന്നുണ്ട്.