സ്വവർഗ വിവാഹം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി നിയോഗിക്കുമെന്ന് കേന്ദ്രം

ലൈംഗികന്യൂനപക്ഷ (LGBTQIA+) വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയായിരുന്നു കേന്ദ്രം സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വവർഗ വിവാഹം നിയമപരമാക്കുന്നതിന് പകരം, ഇതിന് പുറമെയുള്ള അവകാശങ്ങൾ സ്വവർഗ പങ്കാളികൾക്ക് നൽകുന്നതിനെക്കുറിച്ച് സമിതി പഠിക്കുമെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബഞ്ചാണ് സ്വവർഗ വിവാഹം നിയമപരമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ വാദം കേൾക്കുന്നത്. സ്വവർഗ വിവാഹങ്ങൾക്ക് എന്ത് ആനുകൂല്യങ്ങൾ നൽകാനാകുമെന്നും അവരുടെ സമൂഹ ജീവിതം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ സിറ്റിങ്ങിൽ ബഞ്ച് നിർദേശിച്ചിരുന്നു. ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ, ലൈഫ് ഇൻഷുറൻസിൽ പങ്കാളിയെ നോമിനി ആക്കാൻ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയിൽ എന്തെങ്കിലും പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുമോ എന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്, മറ്റു അവകാശങ്ങളെക്കുറിച്ച് പഠിക്കാന്‍ വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous post കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു; അടിച്ചുകൊന്നത് എതിര്‍സംഘം
Next post ബിബിസി ഡോക്യുമെന്ററിയ്ക്ക് വേണ്ടി വാദിച്ചവര്‍ ഇപ്പോള്‍ സിനിമ നിരോധിക്കണം എന്ന് പറയുന്നു – അനില്‍ ആന്റണി