കുപ്രസിദ്ധ ഗുണ്ടാത്തലവന് തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു; അടിച്ചുകൊന്നത് എതിര്‍സംഘം
കുപ്രസിദ്ധ ഗുണ്ടാത്തലവന് തില്ലു താജ്പുരിയയെ എതിര്‍സംഘത്തില്‍പ്പെട്ടവര്‍ തിഹാര്‍ ജയിലില്‍ വച്ച് അടിച്ചുകൊന്നു. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിലായിരുന്നു സംഭവം. ആക്രമണത്തില്‍ മറ്റൊരു തടവുകാരനായ രോഹിതിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ അപകടനില തരണം ചെയ്തതായും ചികിത്സയില്‍ തുടരുകയാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
ബ്ലോക്കിലെ ഒന്നാംനിലയിലെ തടവുകാരായ ദീപക് എന്ന തിട്ടു, യോഗേഷ്, രാജേഷ്, റിയാസ് ഖാസ് എന്നിവരാണ് തില്ലുവിനെ ആക്രമിച്ചത്. ബ്ലോക്കിലെ താഴത്തെനിലയില്‍ കഴിഞ്ഞിരുന്ന തില്ലുവിനെ ഇവര്‍ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഒന്നാംനിലയിലെ ഇരുമ്പ് ഗ്രില്‍ മുറിച്ചുമാറ്റിയ അക്രമികള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് താഴത്തെ നിലയിലേക്ക് ഇറങ്ങിയത്. തുടര്‍ന്ന് നേരത്തെ മുറിച്ചെടുത്ത ഇരുമ്പ് വടികള്‍ കൊണ്ട് തില്ലുവിനെയും രോഹിത്തിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജയിലിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീന് ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തില്ലു മരിച്ചു.