മാങ്ങാ മോഷണം: ഒത്തുതീര്‍ത്ത കേസിലെ പ്രതിയായ സിപിഒ ഷിഹാബിനെ പിരിച്ചുവിട്ടു

പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീർത്തെങ്കിലും സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയ സംഭവത്തിൽ പോലീസും സർക്കാരും പൊറുത്തില്ല. മാങ്ങാ മോഷ്ടിച്ച കേസിൽ പ്രതിയായിരുന്ന ഇടുക്കി എ.ആർ. ക്യാമ്പിലെ സി.പി.ഒ.യും കൂട്ടിക്കൽ സ്വദേശിയുമായ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെ സേനയിൽനിന്ന് പിരിച്ചുവിട്ട് ഉത്തരവായി. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ ശുപാർശപ്രകാരമാണ് നടപടി.

സെപ്റ്റംബർ 30-ന് പുലർച്ചെ നാലോടെയാണ് പോലീസുകാരൻ മാങ്ങയുമായി കടന്നത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കെ.എം. വെജിറ്റബിൾസ് എന്ന പച്ചക്കറി മൊത്തവ്യാപാര കടയ്ക്ക് മുൻപിൽ ഇറക്കിവെച്ചിരുന്ന പെട്ടിക്കുള്ളിൽനിന്ന് അറുന്നൂറ് രൂപ വിലവരുന്ന 10 കിലോ പച്ചമാങ്ങ മോഷ്ടിച്ചതായി അന്ന് കേസെടുത്തു. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങാ പെറുക്കി സ്‌കൂട്ടറിലിടുന്നത് കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. കടയുടമ സി.സി.ടി.വി. ദൃശ്യമടക്കം നൽകിയ പരാതിയിലാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്. ഒളിവിൽപോയ ഷിഹാബിനെ 20 ദിവസത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ മോഷണ ദൃശ്യങ്ങളടക്കം പുറത്തായതോടെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഒക്ടോബർ മൂന്നിന് ഷിഹാബിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഒക്ടോബർ 20-ന് കടയുടമ നൽകിയ രാജി ഹർജിയിൽ ഷിഹാബിനെ കോടതി കുറ്റവിമുക്തനാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്റ്റട്രേറ്റാണ് കേസ് പിൻവലിക്കാൻ ഉത്തരവിട്ടത്. അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ.പി.സി. 379 പ്രകാരമുള്ള മോഷണ കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പോലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചിരുന്നു.

നിലവിൽ രണ്ട് കേസ് ഇയാൾക്കെതിരേ കോടതിയിൽ നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 2019-ൽ മുണ്ടക്കയം പോലീസ് രജിസ്റ്റർചെയ്ത ബലാത്സംഗ കേസിലും സ്ത്രീകളെ ശല്യംചെയ്ത കേസിലും പ്രതിയായിരുന്നു ഷിഹാബെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ കേസുകളിൽ വിചാരണ നടന്നുവരവെയാണ് മാങ്ങാ മോഷ്ടിച്ച കേസിൽ ഷിഹാബ് പ്രതിയാകുന്നത്.

Leave a Reply

Your email address will not be published.

Previous post വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വന്ദേഭാരതില്‍ പോസ്റ്റര്‍
Next post AI ക്യാമറവിഷയത്തിൽ പ്രതികരിച്ച് മന്ത്രി ;കുട്ടികളുടെ ജീവനാണ് പ്രധാനം, ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സ്‌കൂളില്‍ സൗകര്യമൊരുക്കും