
‘മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, കമ്യൂണിസ്റ്റുകാരാ ആലോചിക്ക്, പുറത്താക്ക്’- സുധാകരന്
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാന്‍ എവിടുന്നാണ് പണം ലഭിച്ചുവെന്നത് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്നും സുധാകരന് പറഞ്ഞു.
‘നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്’ സുധാകരന് പറഞ്ഞു. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ എം വി ഗോവിന്ദന് തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് കെ. സുധാകരന് ആവശ്യപ്പെട്ടു.
‘നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഗോവിന്ദന് മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം കളങ്കിതനല്ല. സിപിഎമ്മിനകത്ത് അഴിമതിയില്ലാത്ത നേതാവാണ് ഗോവിന്ദന് മാഷ്. ബഹുമാനിക്കുന്നവരെ ബഹുമാനിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഗോവിന്ദന് മാഷുടെ നിഴലാവാന്‍ അര്‍ഹതയില്ല’ സുധാകരന് പറഞ്ഞു.