പ്രതിമാ ഭൗമിക് ത്രിപുര മുഖ്യമന്ത്രിയായേക്കും

ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന. സി.പി.എം. കോട്ടയായിരുന്ന ധന്‍പുരില്‍നിന്ന് മിന്നുംവിജയം നേടിയ കേന്ദ്രമന്ത്രി
പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. നിലവിലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയേക്കും.

നിലവില്‍ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തുന്നപക്ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിതാമുഖ്യമന്ത്രിയെന്ന പ്രത്യേകതയും പ്രതിമയ്ക്ക് സ്വന്തമാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ത്രീകളുടെ വോട്ടുകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ 50 കൊല്ലമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അതികായന്മാരായ സമര്‍ ചൗധരിയും മണിക് സര്‍ക്കാരും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ധന്‍പുര്‍. ഇക്കുറി മണിക് സര്‍ക്കാര്‍ മത്സരരംഗത്തില്ലായിരുന്നതിനാല്‍ കൗശിക് ചന്ദയേയാണ് പ്രതിമയ്‌ക്കെതിരേ സി.പി.എം. രംഗത്തിറക്കിയത്.

2019-ല്‍ ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നാണ് ഇവര്‍ പാര്‍ലമെന്റിലെത്തിയത്. സംസ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും പ്രതിമയ്ക്കുണ്ട്. അഗര്‍ത്തലയിലെ വിമന്‍സ് കോളേജില്‍നിന്ന് ലൈഫ് സയന്‍സ് ബിരുദം നേടിയ പ്രതിമ, സംഘപരിവാറിലൂടെയാണ് ബി.ജെ.പിയിലെത്തിയത്.

Leave a Reply

Your email address will not be published.

Previous post സ്പിന്‍ കുഴിയില്‍ ഇന്ത്യ വീണു; മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം
Next post തുണിവില്‍പ്പനയുടെ മറവില്‍ വീട്ടിലൊരുക്കിയത് ‘ബാര്‍’; പിടിച്ചത് 50 കുപ്പി മദ്യം; യുവാവ് പിടിയില്‍